കോഴിക്കോട് സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത സൗജന്യകിറ്റില്‍ പുഴുവും കീടങ്ങളും; പല ഇനങ്ങളും കാലാവധി കഴിഞ്ഞതെന്നും പരാതി

കോഴിക്കോട് സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത സൗജന്യ ഭക്ഷ്യകിറ്റിലെ സാധനങ്ങളില്‍ പുഴുവും കീടങ്ങളും.  കോഴിക്കോട് വടകര എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളില്‍ ചിലര്‍ക്കാണ് പുഴുവും കീടങ്ങളും അടങ്ങിയ കിറ്റ് കിട്ടിയത്.

സൗജന്യ ഭക്ഷ്യകിറ്റിലെ  വന്‍പയറിൻറെയും തുവരയുടെയും പായ്ക്കറ്റിനുള്ളില്‍  ഇഷ്ടം പോലെ  ചെറുപ്രാണികളും പുഴുക്കളുമായിരുന്നു.  കടല, റാഗി എന്നിവയുടെ കവറിലും ധാരാളം. ചെറുപയറാകട്ടെ പൊടിഞ്ഞു തുടങ്ങി. നനഞ്ഞ് കേടായ പഞ്ചസാര. മേയില്‍ പായ്ക്ക് ചെയ്തതാണ് ഈ ഗോതമ്പുപൊടി. എക്സ്പയറി ഡേറ്റ് രണ്ടുമാസവും. ഇത്തരത്തിൽ ഉപയോഗശൂന്യമായ കിറ്റാണ് നിരവധി കുട്ടികൾക്ക് ലഭിച്ചത്.  ചുരുക്കി പറഞ്ഞാൽ കാലാവധി കഴിഞ്ഞതാണ് കുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുത്തതെന്ന് ചുരുക്കം.

Read more

അതേസമയം ഒരഴ്ചയ്ക്കുള്ളിലാണ് 614 കിറ്റുകള്‍ സപ്ലൈകോ എത്തിച്ചതെന്നും അത് അതേപടി വിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നും സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു. പരാതി ഉയര്‍ന്നതോടെ സപ്ലൈകോയുടെ വില്യാപ്പിള്ളി സൂപ്പര്‍ മാര്‍ക്കറ്റിലെ മാനേജര്‍ സ്കൂളുകളിലെത്തി മോശമായ കിറ്റുകള്‍ തിരിച്ചെടുത്തു.  വിതരണം ചെയ്തതില്‍ പഴകിയ സാധനങ്ങളുണ്ടെങ്കില്‍  തിരിച്ചെടുക്കാന്‍ തയ്യാറാണെന്നും സപ്ലൈകോ സ്കൂള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.