'ലിനിയുടെ മക്കള്‍ക്ക് ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷം'; ആശംസ അറിയിച്ച് കെ.കെ ശൈലജ

രോഗീപരിചരണത്തിനിടെ നിപ്പ ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നേഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വീണ്ടും വിവാഹിതനാകുന്നതിലെ സന്തോഷം പങ്കുവെച്ച് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥിനും ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശൈലജ ടീച്ചര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥിനും ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ട്. കേരളത്തിന്റെ അഭിമാനഭാജനമായ ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടെയും മനസില്‍ വേദനിക്കുന്നൊരോര്‍മയാണ്. ലിനിയുടെ മക്കളെ പ്രയാസങ്ങളറിയാതെ വളര്‍ത്തുന്നതില്‍ ലിനിയുടെ അമ്മയും കുടുംബാംഗങ്ങളും സജീഷും ശ്രദ്ധാലുക്കളായിരുന്നു.’

‘റിതുലിനും, സിദ്ധാര്‍ത്ഥിനും അമ്മയായി പ്രതിഭയും ചേച്ചിയായി ദേവപ്രിയയും എത്തുന്നത് മക്കളുടെ മനസ്സിന് സന്തോഷം നല്‍കുന്ന കാര്യമായിരിക്കും. ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.’ ശൈലജ ടീച്ചര്‍ കുറിപ്പില്‍ പറഞ്ഞു.

ഫെയ്സ്ബുക്കിലൂടെ സജീഷ് തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്. അധ്യാപികയായ കൊയിലാണ്ടി സ്വദേശി പ്രതിഭയാണ് വധു. ഈ മാസം 29ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലാണ് വിവാഹം.

‘ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം’ സജീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

മക്കളുടെ കാര്യം നോക്കാന്‍ ഒരാള്‍ വേണമെന്ന ബോധ്യത്തെത്തുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് സജീഷുമായി അടുപ്പമുള്ളവര്‍ പറയുന്നു. വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുന്നത്. ഉറ്റബന്ധുക്കള്‍ക്ക് പുറമെ അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുക്കും.

2018ലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സായിരുന്ന ലിനി നിപ്പ ബാധിച്ച് മരിച്ചത്. നിപ്പ ബാധിതരെ മറ്റൊന്നും നോക്കാതെ ശുശ്രൂച്ചാണ് ലിനി മരണത്തിലേക്ക് പോയത്. അന്ന് ആശുപത്രികിടക്കയില്‍ കിടന്നുകൊണ്ട് ലിനി എഴുതിയ കത്ത് അന്ന് ഏറെ ഹൃദയസ്പര്‍ശിയായിരുന്നു.

Read more

‘സജീഷേട്ടാ, ഞാന്‍ പോകുകയാണ്, നമ്മുടെ മക്കളെ നന്നായി നോക്കണേ’- എന്നായിരുന്നു ലിനി കുറിച്ചത്. ലിനി മരിക്കുമ്പോള്‍ ഗള്‍ഫിലായിരുന്ന സജീഷ് ഉടന്‍തന്നെ നാട്ടിലെത്തി. സജീഷിന് പിന്നീട് സര്‍ക്കാര്‍ ജോലി നല്‍കി.