ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍; യുവതി അറസ്റ്റില്‍

ഭർത്താവിന്റെ കൈകാലുകള്‍ വെട്ടാനും കഞ്ചാവു കേസിൽ കുടുക്കാനും ക്വട്ടേഷൻ നൽകിയെന്ന പരാതിയിൽ യുവതിയെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി.പി പ്രമോദിനെതിരെ ക്വട്ടേഷൻ നല്‍കിയെന്ന പരാതിയില്‍ ഭാര്യ നയന (30) യാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.

ഇരുവരും തമ്മിൽ കുടുംബകോടതിയിൽ നിലവിൽ കേസുണ്ട്. ഈ വൈരാഗ്യത്തിൽ മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചശേഷം കുറ്റം ഭർത്താവിനെതിരെ ചുമത്താനും പദ്ധതിയുണ്ടായിരുന്നു.

സംഭവത്തെക്കുറിച്ച് മനസ്സിലാക്കിയ യുവതിയുടെ ഭര്‍ത്താവ് പ്രമോദ് കഴിഞ്ഞ മാർച്ചിലാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ യുവതി കൂട്ടുപ്രതികളുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. ഭർത്താവിനെതിരെ ക്വട്ടേഷൻ നൽകുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂട്ടുപ്രതികളുണ്ടെന്ന് നെടുപുഴ എസ്‌ഐ കെസി ബൈജു അറിയിച്ചു.