'തഗ് ലൈഫ്' കർണാടകയിൽ റീലിസ് ചെയ്യണം; ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ

തഗ് ലൈഫ് സിനിമയുടെ റിലീസിനുള്ള വിലക്ക് തടയണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച് നിർമാതാക്കൾ. നിർമാതാക്കളായ രാജ്കമൽ ഇന്റർനാഷണൽസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ സുഗമമായ റിലീസ് സാധ്യമാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. റിലീസിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് തഗ് ലൈഫിന്റെ സഹനിർമാതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

കമൽഹാസൻ ഉൾപ്പെട്ട ഭാഷാ വിവാദത്തിന് പിന്നാലെയാണ് കർണാടക ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്. ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണം, എല്ലാ തീയേറ്ററുകളിലും സുഗമമായ പ്രദർശനം അനുവദിക്കണം, ക്രമസമാധാനപ്രശ്നമുണ്ടായാൽ പൊലീസ് ഇടപെടണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഹർജിയിൽ ഉള്ളത്. കമൽഹാസന്റെ പരാമർശങ്ങൾ വളച്ചൊടിക്കപ്പെട്ടതാണെന്നും ചിത്രതിന്റെ പ്രദർശനം വിലക്കുന്നത് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

കമൽഹാസന്റെ ഭാഷാ പരാമർശത്തിൽ കന്നഡ സംരക്ഷണ സംഘടനകൾ പ്രതിഷേധം തുടരുകയാണ്. ചിത്രം പ്രദർശിപ്പിച്ചാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി തീയേറ്റർ ഉടമകൾ പറയുന്നു. കമൽഹാസൻ മാപ്പ് പറയാൻ തയ്യാറാകാതിരുന്നതോടെയാണ് ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് ചിത്രം വിലക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം കമലിനെതിരെ രംഗത്തെത്തിയിരുന്നു.

Read more