ദുരന്തങ്ങള്‍ ആവര്‍ത്തിക്കട്ടെ, ഖനനം യഥേഷ്ടം തുടരാം

Advertisement

കെ സുനില്‍ കുമാര്‍

മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിരവധി പേരുടെ മരണത്തിനിടയാക്കിയ വന്‍ ദുരന്തങ്ങളെ തുടര്‍ന്നാണ് സംസ്ഥാനത്ത് പാറ ഖനനം നിര്‍ത്തിവെച്ചത്. കനത്ത മഴയുടെ സാഹചര്യത്തില്‍ ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു എല്ലാത്തരം ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ ദുരന്തഭൂമിയില്‍ കാണതായവര്‍ക്കുള്ള തെരച്ചില്‍ അവസാനിക്കുന്നതിന് മുമ്പ് 11 ദിവസത്തിനകം ഒരു പരിശോധനയും പഠനവും കൂടാതെ ഖനന നിരോധനം പിന്‍വലിച്ച് ഉത്തരവിറങ്ങിക്കഴിഞ്ഞു.

സംസ്ഥാനത്തെ നിയമവിരുദ്ധവും നിയമവിധേയവുമയാ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വിദ്ഗ്ധരുടെ മുന്നറിയിപ്പുകള്‍ നിലനില്‍ക്കെയാണ് ഖനനം പുനരാരംഭിക്കുന്നത്. ഒരു മഹാ ദുരന്തത്തിന്റെ ചോരപ്പാടുകള്‍ ഉണങ്ങുന്നതിന് മുമ്പ് എത്ര ലാഘവത്തോടെയാണ് ഭരണകൂടം ജനങ്ങളോട് പെരുമാറുന്നത് എന്നതിന് ഉദാഹരണമാണ് ഈ നടപടിയെന്ന് പറയേണ്ടിവരും. അതിതീവ്ര മഴ കുറഞ്ഞതും ദുരന്ത നിവാരണ അതോറിറ്റി എല്ലാ ജാഗ്രതാ നിര്‍ദ്ദേശങ്ങളും പിന്‍വലിച്ചതുമാണ് ഖനനം പുനരാരംഭിക്കാനുള്ള ഉത്തരവിറക്കാന്‍ കാരണമെന്ന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് പറയുന്നു.

ഇപ്പോള്‍ ദുരന്തമുണ്ടായ സ്ഥലങ്ങള്‍ക്ക് ചുറ്റുവട്ടത്ത് തന്നെ അനധികൃത ക്വാറികളും റിസോര്‍ട്ട് നിര്‍മാണവും ഉരുള്‍പൊട്ടലിന് കാരണമായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബ്ബല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ വലിയ തോതിലുള്ള ഉരുള്‍പൊട്ടലുകള്‍ക്കും മണ്ണിടിച്ചിലിനും കാരണമാകുമെന്ന് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

2018ലെ പ്രളയത്തിന് ശേഷം മുല്ലക്കര രത്‌നാകരന്റെ നേതൃത്വത്തിലുള്ള നിയമസഭ സമതി നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത് ഇപ്രകാരമാണ്, ‘കേരളത്തില്‍ പശ്ചിമ ഘട്ടത്തിലുള്‍പ്പെട്ട 458 കിലോമീറ്റര്‍ ദൂരത്തില്‍ അംഗീകൃത ക്വാറികളും പതിന്മടങ്ങ് അനധികൃത ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തന ഫലമായി പശ്ചിമ ഘട്ടത്തിലെ മണ്ണിന്റെ ഘടനയില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകള്‍, കിണര്‍ താഴ്ന്നുപോകല്‍, വിള്ളലുകള്‍, പുഴ വഴിമാറി ഒഴുകല്‍, പുതിയ മണ്‍തിട്ടകള്‍ രൂപപ്പെടല്‍ എന്നീ മാറ്റങ്ങള്‍ ഉണ്ടായതായി കാണാം.’

ഇത്തരത്തില്‍ നിരവധി പഠനങ്ങളും അന്വേഷണങ്ങളും നിര്‍ദ്ദേശങ്ങളും നിലനില്‍ക്കുമ്പോഴും സംസ്ഥാനത്ത് ഒരു നിയന്ത്രണവുമില്ലാതെ ഖനനം നടക്കുന്നത് വലിയ ദുരന്തങ്ങള്‍ക്കും മനുഷ്യവാസത്തിനും ഭീഷണിയായി മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതിയോടെ 750 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കെഎഫ്എഫ്ആര്‍ഐ നടത്തിയ പഠനം അനുസരിച്ച് 5924 ക്വാറികളാണ് ഒരു വിധ അനുമതിയുമില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്നത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് 129 ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

വിഴിഞ്ഞം പോലുള്ള വന്‍കിട പദ്ധതികളുടെ നിര്‍മ്മാണം നടക്കുന്ന സാഹചര്യത്തില്‍ പശ്ചിമഘട്ടത്തിലടക്കം പാറ ഖനനം വലിയ തോതില്‍ കൂടുമെന്ന സാഹചര്യവുമുണ്ട്. ഒരോ മഴക്കാലത്തും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും വലിയ നാശമാണ് സൃഷ്ടിക്കുന്നത്. ഇത്തവണ രണ്ട് ദിവസത്തിനകം 80 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിരുന്നു.

പശ്ചിമഘട്ടത്തില്‍ 80 ശതമാനം പ്രദേശവും ഉരുള്‍പൊട്ടല്‍ മേഖലയാണെന്ന് നിയമസഭ സമിതിയും ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തില്‍ 13000ഓളം ഉരുള്‍പൊട്ടല്‍ മേഖലകളും 17000 മണ്ണിടിച്ചില്‍ മേഖലകളുമൂണ്ടെന്നും ഭൗമശാസ്ത്ര പഠന കേന്ദ്രവും ജിയോളജിക്കല്‍ സര്‍വെ ഓഫി ഇന്ത്യയും പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അടിയന്തരമായി ഇവ പഠിച്ച് നടപടിയെടുക്കണമെന്ന് നിയമസഭ സമിതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

ഇത്രയും ഗൗരവമുള്ള പഠനങ്ങളും നിര്‍ദ്ദേശങ്ങളും നിലവിലിരിക്കെയാണ് ഒരു ദുരന്തമുഖത്ത് മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ അവസാനിക്കുന്നതിന് മുമ്പ് ക്വാറികളുടെ പ്രവര്‍ത്തനം 11 ദിവസത്തിനകം പുനരാരംഭിക്കാന്‍ ജിയോളജി വകുപ്പ് തീരുമാനിച്ചത്. ജില്ലാ കളക്ടറുടെ നിരോധനം നിലവിലുള്ള സ്ഥലങ്ങളിലൊഴികെ ഇനി യഥേഷ്ടം ക്വാറികള്‍ക്ക് ഖനനം നടത്താം.

എന്തുകൊണ്ടാണ് സര്‍ക്കാരിന് ഖനനം പുനരാരംഭിക്കുന്നതിന് മുമ്പ് അടിയന്തര പരിശോധനകള്‍ നടത്താനും എവിടെയൊക്കെയാണ് ക്വാറികള്‍ ദുരന്തങ്ങള്‍ക്ക് കാരണമായേക്കാവുന്നവ ഏതെന്ന് കണ്ടെത്താനും ശ്രമിക്കാതിരുന്നത്? കുറച്ചുദിവസം കൂടി കാത്തിരുന്നാല്‍ എന്ത് സംഭവിക്കുമായിരുന്നു? സംസ്ഥാനത്ത് ക്വാറികള്‍ നടത്തുന്നവര്‍ രാഷ്ട്രീയമായും സാമ്പത്തികമായും അത്രയും ശക്തരാണ് എന്നതാണ് അതിനുത്തരം. ഭരണ പ്രതിപക്ഷങ്ങളെയും സര്‍ക്കാരിനെയും കൊണ്ട് അനുകൂല തീരുമാനങ്ങള്‍ എടുപ്പിക്കാന്‍ കഴിയുന്ന വന്‍ ലോബിയാണ് ഇന്ന് ഖനന മേഖലയെ നിയന്ത്രിക്കുന്നത്. ആര് ഭരിച്ചാലും ഏത് സാഹചര്യത്തിലും അവര്‍ക്കനുകൂലമായിരിക്കും തീരുമാനങ്ങളെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്.