ഇതെത്ര ശൈലജ; എല്‍ഡിഎഫിന് മൂന്നും, യുഡിഎഫിന് ഒന്നും; വടകരയില്‍ അപരന്മാരുടെ പോര്‍ക്കളം; കളം പിടിക്കാന്‍ കോണ്‍ഗ്രസ് വിമതനും

അപരന്മാരുടെ പോര്‍ക്കളമായ വടകര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ വിമത സ്ഥാനാര്‍ത്ഥിയും രംഗത്തെത്തി. സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ അബ്ദുള്‍ റഹീം ഹാജിയാണ് വടകരയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. അബ്ദുള്‍ റഹീം ഹാജി നേരത്തെ ഭാരത് ജോഡോ യാത്രയിലും പങ്കെടുത്തിരുന്നു.

വടകരയില്‍ അപര സ്ഥാനാര്‍ത്ഥികള്‍ നേരത്തെ തന്നെ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേയാണ് വിമത സ്ഥാനാര്‍ത്ഥിയും പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്‌ക്കെതിരെ മൂന്ന് അപര സ്ഥാനാര്‍ത്ഥികളും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ ഒരാളുമാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെകെ ശൈലജയ്‌ക്കെതിരെ പി ശൈലജ, കെകെ ശൈലജ, കെ ശൈലജ എന്നിവരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. അതേ സമയം ഷാഫി എന്ന അപരനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലിനെതിരെ പത്രിക സമര്‍പ്പിച്ചത്. വടകരയിലെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാര്‍ തീര്‍ക്കുന്നത് ചില്ലറ പ്രതിസന്ധിയല്ല.

നിലവില്‍ എല്‍ഡിഎഫിന് വടകരയില്‍ വിമത സ്ഥാനാര്‍ത്ഥികളില്ല. എന്നാല്‍ യുഡിഎഫിന്റെ വിമത സ്ഥാനാര്‍ത്ഥി ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്നു. പ്രവാസിയായിരുന്ന അബ്ദുള്‍ റഹീം ഹാജി നാട്ടില്‍ തിരികെ എത്തിയ ശേഷം കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

കോണ്‍ഗ്രസ് പുറത്താക്കിയെങ്കിലും താന്‍ കോണ്‍ഗ്രസുകാരനായിരുന്നെന്നും വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ തനിക്ക് മണ്ഡലത്തില്‍ വോട്ട് പിടിക്കാനാകുമെന്നും അബ്ദുള്‍ റഹീം ഹാജി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. വിമത സ്ഥാനാര്‍ത്ഥി യുഡിഎഫിന് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ എല്‍ഡിഎഫിന് ഭീഷണിയാവുന്നത് അപര സ്ഥാനാര്‍ത്ഥികളാണ്.

2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെ പരാജയം അപര സ്ഥാനാര്‍ത്ഥി നേടിയ വോട്ടിനെ തുടര്‍ന്നായിരുന്നു. അന്ന് 1009 വോട്ടിന് വിഎം സുധീരനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് മനോജ് പരാജയപ്പെടുത്തുമ്പോള്‍ സുധീരന്റെ അപര സ്ഥാനാര്‍ത്ഥി വിഎസ് സുധീരന്‍ നേടിയത് 8282 വോട്ടായിരുന്നു.