ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ വെടിവെയ്പ്പില്‍ 31പേര്‍ കൊല്ലപ്പട്ടതായി റിപ്പോര്‍ട്ടുകള്‍. ഗാസയിലെ റാഫ പരിസരത്ത് യുഎസിന്റെ പിന്തുണയോടെ നടത്തിവന്ന സഹായവിതരണ കേന്ദ്രത്തിനടുത്താണ് ആക്രമണം നടന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ 80ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാവിലെയാണ് സഹായവിതരണ കേന്ദ്രത്തിനടുത്ത് ഇസ്രായേല്‍ ആക്രമണമുണ്ടായത്.
ആക്രമണം നടക്കുന്ന സമയം സ്ഥലത്ത് ആയിരത്തോളം ജനങ്ങള്‍ ഉണ്ടായിരുന്നതായും അവിടേക്ക് ടാങ്കുകളിലെത്തിയ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. യുഎസ് സര്‍ക്കാരിന്റെ പിന്തുണയോടെ ഗാസ ഹുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തിവന്നിരുന്ന സഹായവിതരണ കേന്ദ്രത്തിനടുത്തായി സ്ഥിതിചെയ്യുന്ന അല്‍-അലാം റൗണ്ട് എബൗട്ടിലാണ് വെടിവെപ്പ് നടന്നത്.
Read more
വാഷിങ്ടണ്‍ ഹമാസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തള്ളിയതിന് പിന്നാലെയാണ് സാധാരണ ജനങ്ങള്‍ക്ക് നേരെ ഇത്തരത്തില്‍ ഒരു ആക്രമണമുണ്ടായിരിക്കുന്നത്. ഭക്ഷണത്തിനായി കാത്തുനിന്ന് ജനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഹമാസ് പ്രതികരിച്ചു. എന്നാല്‍ ആക്രമണത്തില്‍ 200ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റതായാണ് അനൗദ്യോഗിക വിവരം. പരിക്കേറ്റവരെ നാസര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.