പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണി അപ്പീലുകള്‍ മേയ് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണം; കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി

മഹാപ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണവും അറ്റകുറ്റപണിയും സംബന്ധിച്ച് ലഭിച്ച അപ്പീലുകള്‍ മേയ് മാസം തന്നെ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.ഭൂമി നഷ്ടപ്പെട്ടവര്‍ക്കും പുറമ്പോക്കില്‍ ഭൂമിയുണ്ടായിരുന്നവര്‍ക്കും പകരം ഭൂമി കണ്ടെത്താനുള്ള നടപടികളും മെയ് മാസം പൂര്‍ത്തിയാക്കണമെന്നും അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
ലോക ബാങ്കില്‍ നിന്ന് 3,596 കോടി രൂപയാണ് വായ്പയെടുക്കുന്നത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ജുണ്‍ അവസാനം ചേരുന്ന ലോകബാങ്ക് ബോര്‍ഡ് യോഗത്തില്‍ വായ്പ അനുവദിച്ചു കൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70:30 അനുപാതത്തിലാണ് ലോകബാങ്ക് വായ്പ. 1,541 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമുണ്ടാകും. മൊത്തം 5,137 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് ലഭ്യമാകും. 2019-20 സാമ്പത്തിക വര്‍ഷം ഇതില്‍ 1,541 കോടി രൂപയാണ് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്.

Read more

സമയബന്ധിതമായി ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ജില്ലാതലത്തില്‍ മന്ത്രിമാര്‍ മേല്‍നോട്ടം വഹിക്കും. മെയ് 11-നും 12-നും സംസ്ഥാനത്താകെ ശുചീകരണം. മെയ് 11, 12 തീയതികളില്‍ സംസ്ഥാനത്താകെ ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായാണ് ഈ പരിപാടി. മെയ് 3, 4 തീയതികളില്‍ ജില്ലകളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ ചേരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരും മറ്റു ജനപ്രതിനിധികളും ഈ യോഗത്തില്‍ പങ്കെടുക്കും. വാര്‍ഡുതല ശൂചീകരണ സമിതികളെ സജീവമാക്കി മഴക്കാലത്തിനു മുമ്പ് ജനപങ്കാളിത്തത്തോടെ നാടും നഗരവും ശുചിയാക്കാനാണ് ഉദ്ദേശിക്കുന്നത്.