പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പൊലീസ് ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ മാറ്റിവച്ചു

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതിയെ സഹായിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ശരത്‌ലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മാറ്റിവച്ചു. പ്രതി രാഹുലിനെ സഹായിച്ച കേസില്‍ ശരത്‌ലാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി ഈ മാസം 31ന് പരിഗണിക്കുന്നതിനായി മാറ്റിയത്.

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് 31ലേക്ക് മാറ്റിയത്. പൊലീസ് റിപ്പോര്‍ട്ടിനായാണ് കോടതി ഹര്‍ജി മാറ്റിവച്ചത്. പ്രതിയ്ക്ക് രാജ്യം വിടാനുള്ള ഉപദേശം നല്‍കിയത് ശരത്‌ലാല്‍ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നവവധുവും കുടുംബവും പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്റ് ചെയ്തത്. ഇതുകൂടാതെ സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോയും നല്‍കിയിരുന്നു. മെയ് 5ന് ഗുരുവായൂരിലായിരുന്നു എറണാകുളം സ്വദേശിനിയായ യുവതിയും രാഹുലും തമ്മിലുള്ള വിവാഹം ഗുരുവായൂരില്‍ നടന്നത്.