ഇതിഹാസ നടൻമാരായ സത്യൻ, നസീർ, മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെയാകാൻ കൊതിച്ചിട്ടുണ്ടെന്നും അവരെ പോലെ അഭിനയിക്കാൻ നോക്കാറുണ്ടെന്നും നടൻ ഇന്ദ്രൻസ്. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് സ്‌പെഷ്യൽ ജൂറി അവാർഡ് ലഭിച്ചിരുന്നു. ദേശീയ അവാർഡ് ലഭിച്ചപ്പോൾ എന്താണ് തോന്നിയതെന്നും അത് സ്വപ്‌നം കണ്ടിരുന്നോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് തമാശരൂപേണ ഇന്ദ്രൻസ് ഇക്കാര്യം പറഞ്ഞത്. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുപാട് വട്ടം സ്വപ്‌നം കണ്ടിട്ടുണ്ടെങ്കിലും കിട്ടാവുന്ന റൂട്ടിലൊന്നും ഞാൻ പോകാത്തോണ്ട് അതൊക്കെ തമാശയായിട്ട് തന്നെ പറയാം. കൊതിയൊക്കെ ഉണ്ടായിട്ടുണ്ട്. ഞാനിപ്പോ സത്യനായിട്ടുണ്ട്, നസീറായിട്ടുണ്ട്, മമ്മൂട്ടിയും മോഹൻലാലുമൊക്കെ ആയിട്ടുണ്ട്. ഇപ്പോഴും അങ്ങനെയൊക്കെ അഭിനയിക്കാറുണ്ട്, പക്ഷെ എന്റെ കോലം ഇങ്ങനെ ആയോണ്ട് അറിയാത്തതാണ്’ ഇന്ദ്രൻസ് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം റിലീസായ ‘കേരള ക്രൈം ഫയൽസ്’ രണ്ടാം സീസണിൽ ഇന്ദ്രൻസ് പ്രധാന റോളിലെത്തുന്നുണ്ട്. മികച്ച പ്രകടനമാണ് താരം നടത്തിയതെന്നാണ് ആരാധകരുടെ അഭിപ്രായം.