എസ്എഫ്‌ഐയ്ക്ക് പുതിയ നേതൃത്വം; അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം സ്വദേശി ആദര്‍ശ് എം സജി

എസ്എഫ്‌ഐ അഖിലേന്ത്യാ തലത്തില്‍ പുതിയ നേതൃത്വം. കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അഖിലേന്ത്യാ പ്രസിഡന്റായി ആദര്‍ശ് എം സജിയെയും ജനറല്‍ സെക്രട്ടറിയായി ശ്രീജന്‍ ഭട്ടാചാര്യയെയും തിരഞ്ഞെടുത്തു. ഇതോടൊപ്പം 87 അംഗ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

അഖിലേന്ത്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദര്‍ശ് കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ്. ആദര്‍ശ് നേരത്തെ എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഡല്‍ഹി ജനഹിത് ലോ കോളജില്‍ എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ആദര്‍ശ് എം സജി.

Read more

ശ്രീജന്‍ ഭട്ടാചാര്യ പശ്ചിമ ബംഗാള്‍ ജാദവ്പുര്‍ സ്വദേശിയാണ്. ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദധാരിയാണ് ശ്രീജന്‍. സുഭാഷ് ജാക്കര്‍, ടി നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശില്‍പ സുരേന്ദ്രന്‍, പ്രണവ് ഖാര്‍ജി, എം ശിവപ്രസാദ്, സി മൃദുല, ഐഷി ഘോഷ്, ജി അരവിന്ദ സാമി, അനില്‍ താക്കൂര്‍, കെ പ്രസന്നകുമാര്‍, ദേബാഞ്ജന്‍ ദേവ്, പി.എസ്. സഞ്ജീവ്, ശ്രീജന്‍ ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് എന്നിവരടങ്ങിയതാണ് അഖിലേന്ത്യാ സെക്രട്ടേറിയറ്റ്.