ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ച് ഇന്ത്യൻ ടി20 ടീമിൽ സ്ഥിരസാന്നിദ്ധ്യമായി മാറിയ താരമാണ് റിങ്കു സിങ്. ഫിനിഷർ റോളിലാണ് താരത്തെ എപ്പോഴും ടീമിലേക്ക് പരിഗണിക്കാറുളളത്. 10 ലക്ഷം ശമ്പളത്തിൽ തുടങ്ങിയതാണ് റിങ്കുവിന്റെ ഐപിഎൽ കരിയർ. ഇപ്പോഴത് 13 കോടിയിൽ എത്തിനിൽക്കുന്നു. റിങ്കുവിനെ സംബന്ധിച്ചുളള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. താരത്തിന് സർക്കാർ ജോലി വാഗ്ദാനം ചെയ്തിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ.
രാജ്യാന്തര തലത്തിൽ മെഡലുകൾ നേടിയ കായിക താരങ്ങൾക്ക് നേരിട്ട് നിയമനം നൽകുന്ന 2022ലെ നിയമപ്രകാരമാണ് റിങ്കു സിങ്ങിന്റെ നിയമനം. ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫിസറായി (ബിഎസ്എ) റിങ്കുവിനെ നിയമിക്കുന്നതിനുളള നടപടികൾ ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ചുകഴിഞ്ഞു. എഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനായി സ്വർണം നേടിയതോടെയാണ് റിങ്കു സിങ് സർക്കാർ ജോലിക്ക് അർഹനായത്. വീട്ടിലെ സാഹചര്യങ്ങൾ കാരണമാണ് ഒമ്പതാം ക്ലാസിൽ വച്ച് താരത്തിന് തന്റെ പഠനം അവസാനിപ്പിക്കേണ്ടി വന്നത്.
Read more
ഗ്രേഡ് എ ഗസറ്റഡ് ഉദ്യോഗസ്ഥനായ റിങ്കുവിന്റെ ശമ്പള സ്കെയിൽ 70,000 രൂപ മുതൽ 90,000 രൂപ വരെയാണ്. ജില്ലയിലെ അഞ്ചാം ക്ലാസ് വരെയുളള സർക്കാർ പ്രൈമറി സ്കൂളുകളുടെ പ്രവർത്തനങ്ങളുടെ ചുമതലയാണ് റിങ്കുവിന് കീഴിൽ വരിക. അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ഓഫിസർക്കാണ് റിങ്കു സിങ് റിപ്പോർട്ട് നൽകേണ്ടത്. നിയമനം ലഭിച്ചാൽ സർക്കാർ വസതി ഉൾപ്പെടെയുളള സൗകര്യങ്ങളും താരത്തിന് ഇതിനോടൊപ്പം ലഭിക്കും.