കോഹ്ലിയല്ല, ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് ആ താരം, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

2024 ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് കിരീടം ലഭിച്ചതിൽ നിർണായക പങ്കാണ് സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി വഹിച്ചിരുന്നത്. കോഹ്ലി നേടിയ അർധസെഞ്ച്വറിയുടെ പിൻബലത്തിലാണ് ഫൈനലിൽ ഇന്ത്യക്ക് മികച്ച സ്കോർ നേടാനായത്. 59 പന്തിൽ നിന്ന് 76 റൺസാണ് കലാശ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്ലി നേടിയത്. രോഹിത് ശർമ്മ, റിഷഭ് പന്ത്, സൂര്യകുമാർ യാദവ് എന്നീ പ്രധാന ബാറ്റർമാർ തുടക്കത്തിലേ പുറത്തായപ്പോഴായിരുന്നു കോഹ്ലിയുടെ നിർണായക ഇന്നിങ്സ്.

അക്സർ പട്ടേലിനൊപ്പം സൂപ്പർതാരം ഉണ്ടാക്കിയെടുത്ത കൂട്ടുകെട്ട് ആരും മറക്കാനിടയില്ല. എന്നാൽ ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം വിരാട് കോഹ്ലിക്ക് ആയിരുന്നില്ല നൽകേണ്ടിയിരുന്നതെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. കോഹ്ലിക്ക് പകരം ഇന്ത്യൻ ടീമിലെ ബോളർമാരിൽ ആർക്കെങ്കിലുമായിരുന്നു ആ അവാർഡ് സമ്മാനിക്കേണ്ടിയിരുന്നതെന്ന് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.

Read more

“ടി20 ലോകകപ്പ് ഫൈനലിന്റെ തുടക്കത്തിൽ തോൽക്കുന്ന അവസ്ഥയിലേക്കായിരുന്നു ഇന്ത്യ ആദ്യം പോയിക്കൊണ്ടിരുന്നത്. എന്നാൽ വിരാട് കോഹ്ലിയുടെ ഇന്നിങ്സ് ടീമിനെ രക്ഷിച്ചു. 128 സ്ട്രൈക്ക് റേറ്റിൽ അർധസെഞ്ച്വറി നേടി അവസാനം വരെ കോഹ്ലി ടീമിനായി പൊരുതി. എന്നാൽ ഫൈനലിൽ എന്റെ പ്ലെയർ ഓഫ് ദ മാച്ച് ഒരു ബോളറാകുമായിരുന്നു. കാരണം അവരാണ് യഥാർഥത്തിൽ‌ തോൽ‌വിയുടെ വക്കിൽ നിന്ന് കളി ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത്”, സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.