എഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ. നേരത്തെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ഉൾപ്പെടെ വിവിധ മേഖലകളിൽ പാകിസ്ഥാനുമായി ഇനി സഹകരണം ഇല്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഐസിസി, എസിസി ടൂർണമെന്റുകളിൽ ഉൾപ്പെടെ പാകിസ്ഥാനെതിരെ ഒരു മത്സരം പോലും കളിക്കേണ്ടെന്നാണ് ഇന്ത്യ തീരുമാനം എടുത്തിരുന്നത്.
എന്നാൽ ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുളള സംഘർഷം അവസാനിച്ചതോടെ എഷ്യാകപ്പ് മത്സരങ്ങൾ നടത്താനുളള നീക്കം എഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആരംഭിച്ചുകഴിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യ ഉൾപ്പെടെ ആറ് ടീമുകളെ പങ്കെടുപ്പിച്ച് സെപ്റ്റംബറിൽ ടൂർണമെന്റ് നടത്താനാണ് എസിസി ആലോചിക്കുന്നതെന്നാണ് വിവരം. ഇന്ത്യയാണ് ഇത്തവണ എഷ്യ കപ്പിന് ആതിഥേയരാവുന്നത്.
Read more
അതേസമയം പാകിസ്ഥാന് വേണ്ടി ഹൈബ്രിഡ് മോഡൽ ആയി ടൂർണമെന്റ് നടത്താനാണ് സാധ്യത. അടുത്തിടെ പാകിസ്ഥാൻ ആതിഥേയരായ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഇന്ത്യക്ക് വേണ്ടി ഹ്രൈബിഡ് മോഡലിലാണ് നടത്തിയിരുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടന്നത്. എഷ്യ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും കളിക്കുമെങ്കിലും ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, യുഎഇ എന്നിവരാണ് ടൂർണമെന്റിലെ മറ്റ് ടീമുകൾ.