2024 ടി20 ലോകകപ്പ് ഫൈനലിനിടെ നടന്ന ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി ഇന്ത്യയുടെ മുൻ ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. കഴിഞ്ഞ വർഷം ജൂൺ 29ന് നടന്ന ടി20 ലോകകപ്പ് ഫൈനലിന് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ഈ സമയത്താണ്, ടി20 ലോകകപ്പ് ഫൈനലിൽ റിഷഭ് പന്തിന് പരിക്കേറ്റപ്പോൾ നടന്ന കാര്യത്തെ കുറിച്ച് രോഹിത് തുറന്നുപറഞ്ഞത്.
“ഫൈനൽ അവസാന മിനിറ്റുകളിലേക്ക് കടക്കുന്ന സമയമായിരുന്നു. കളിയിൽ ദക്ഷിണാഫ്രിക്ക വിജയലക്ഷ്യത്തിലേക്ക് വേഗത്തിൽ അടുക്കുകയായിരുന്നു. ഈ സമയമാണ് പന്ത് പരിക്കേറ്റ് ഗ്രൗണ്ടിൽ വീണുകിടക്കുന്നത് കണ്ടത്. എന്താണ് യഥാർഥത്തിൽ പന്തിന് സംഭവിച്ചതെന്ന് ആ സമയം എനിക്ക് മനസിലായിരുന്നില്ല. ഈ ഇടവേളയിൽ എനിക്ക് ഹാർദിക് പാണ്ഡ്യയുമായി സംസാരിക്കാൻ സമയം ലഭിച്ചു. അടുത്തതായി ഇനി എന്തു ചെയ്യാൻ കഴിയുമെന്ന് ഹാർദിക്കുമായി ചർച്ച നടത്തി”.
“പന്തിന് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പിന്നീടാണ് എനിക്ക് മനസിലായത്. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ വേഗം കുറയ്ക്കാൻ വേണ്ടിയാണ് അവൻ അങ്ങനെ ചെയ്തത്. റിഷഭ് പന്തിൻെറ തന്ത്രപരമായ നീക്കത്തിലൂടെ വന്ന ഇടവേള പ്രോട്ടീസ് ടീമിന്റെ മുന്നോട്ടുളള താളം തെറ്റിച്ചു. ഇതിന് ശേഷമാണ് ഹാർദികിന്റെ പന്തിൽ ക്ലാസൻ പന്തിന് ക്യാച്ച് നൽകി പുറത്താവുന്നത്. അതുവരെ വമ്പനടികളിലൂടെ ക്ലാസൻ സ്കോർ ഉയർത്തി ദക്ഷിണാഫ്രിക്കയെ വിജയത്തിന് അടുത്ത് എത്തിച്ചിരുന്നു. എന്നാൽ ക്ലാസൻ പുറത്തായതോടെ പ്രോട്ടീസിന്റെ ചേസിങ് വേഗം കുറയുകയായിരുന്നു”.
Read more
ടി20 ലോകകപ്പ് ഫൈനലിൽ റിഷഭ് പന്തിന്റെ പെട്ടെന്നുള്ള ചിന്തയെ പ്രശംസിച്ചുകൊണ്ടാണ് രോഹിത് സംസാരിച്ചത്. “ആ സമയം ഫിസിയോതെറാപ്പിസ്റ്റ് എത്തി കാൽമുട്ടിൽ ടേപ്പ് ചെയ്യുകയായിരുന്നു. ക്ലാസ്സെൻ മത്സരം വീണ്ടും ആരംഭിക്കാൻ കാത്തിരിക്കുകയായിരുന്നു. അത് ഒരേയൊരു കാരണമാണെന്ന് ഞാൻ പറയുന്നില്ല, പക്ഷേ അത് അതിലൊന്നായിരിക്കാം – പന്ത് സാഹബ് തന്റെ ബുദ്ധി ഉപയോഗിച്ചു, കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായി മാറി”, രോഹിത് പറഞ്ഞു







