റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം യാഷ് ദയാലിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. ആർസിബി താരം തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ഉത്തർപ്രദേശ് സ്വദേശിനി പരാതി നൽകിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോർട്ടലിനെയാണ് ഗാസിയാബാദിൽ നിന്നുളള യുവതി സമീപിച്ചത്. പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിന് യുപി മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി.
Read more
യാഷ് ദയാലുമായി അഞ്ച് വർഷമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഇതിനിടെ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞ് ആർസിബി താരം തന്നിൽ നിന്നും പണം തട്ടിയെടുത്തു. ഇങ്ങനെ ഒരുപാട് പെൺകുട്ടികളെ പറ്റിച്ചിട്ടുണ്ടെന്നും പരാതിയിൽ യുവതി ആരോപിക്കുന്നുണ്ട്. ഇതിനെല്ലാം തെളിവായി ചാറ്റ് സ്ക്രീൻ ഷോട്ടുകളും വീഡിയോ കോൾ രേഖകളും തന്റെ കൈവശമുണ്ടെന്നാണ് യുവതിയുടെ അവകാശവാദം.