ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി

ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സമൂഹത്തിന്റെ അഭിപ്രായം കണക്കിലെടുത്താണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം. എ. ബേബി. ശബരിമല യുവതീ പ്രവേശനത്തില്‍ ആചാരം സംരക്ഷിക്കുമെന്ന നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എം. എ ബേബി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

ഇടത് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സുപ്രീം കോടതി ഉത്തരവാണ്. ആ ഉത്തരവിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വാഗതം ചെയ്തതാണ്. ചിലര്‍ പിന്നീട് നിലപാട് മാറ്റി. ഇപ്പോള്‍ സുപ്രീം കോടതി തന്നെ അവരുടെ വിധി പുനപരിശോധിക്കാന്‍ തീരുമാനിച്ചു. അതിനോടുള്ള സമൂഹത്തിന്റെ നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന അഭിപ്രായമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന് അതിന്റേതായ അഭിപ്രായമുണ്ട്. ഈ അഭിപ്രായങ്ങള്‍ അതേപടി സര്‍ക്കാര്‍ നടപ്പാക്കണം എന്ന് നിലപാട് എടുക്കാറില്ല. സമൂഹത്തിലെ പൊതുവിലുള്ള അവസ്ഥ നോക്കിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തെ ഇടത് സര്‍ക്കാരില്‍ ഇടപെടുന്നതില്‍ പരിധിയുണ്ട്. സമൂഹത്തിന്റെ അഭിപ്രായം മുന്നില്‍ക്കണ്ടാണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.