സംസ്ഥാനത്തെ എല്ലാ ഡിഎംഒ ഓഫീസിലേക്കും വ്യാഴാഴ്ച പ്രതിഷേധ മാര്‍ച്ച്; യൂത്ത് ലീഗ് പ്രതിഷേധം ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ

ജൂലൈ 3ന് യൂത്ത് ലീഗ് സംസ്ഥാനത്തെ മുഴുവന്‍ ഡിഎംഒ ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും. ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം. അനാഥമായി കിടക്കുന്ന ആരോഗ്യ വകുപ്പിന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് മാര്‍ച്ചെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സംസ്ഥാനത്തെ പാവപ്പെട്ട അനേകായിരം പേര്‍ ആശ്രയിക്കുന്ന ആശുപത്രികള്‍ സര്‍ക്കാറിന്റെ അനാസ്ഥ കാരണം വലിയ ദുരിതത്തിലാണിന്ന്. മരുന്ന് വിതരണ കമ്പനികള്‍ക്ക് ഭീമമായ സംഖ്യ കുടിശ്ശിക വരുത്തിയതിനാല്‍ ആവശ്യമായ മരുന്നുകള്‍ കിട്ടാനില്ല. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ നിയമനം നടക്കാത്തതിനാല്‍ ചികിത്സാമേഖല താറുമാറായിരിക്കുകയാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

Read more

ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം നിരവധി ആശുപ്രതികളില്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ നിരന്തരമായി മുടങ്ങുന്നു. ഉപകരണങ്ങളില്ലാത്ത വിവരം മാസങ്ങള്‍ക്ക് മുമ്പേ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ശസ്ത്രക്രിയ അടക്കം മാറ്റിവെക്കേണ്ടി വരുന്നത് അതീവ ഗൗരവതരമാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.