'ഇത് ഞാൻ കണ്ടുവളർന്ന ലെജൻഡോ, വർഷങ്ങളായി അറിയുന്ന കൂട്ടുകാരനോ? ഈ ചിരികൾക്ക് ഒരുപാട് നന്ദി; മോഹൻലാലിനെക്കുറിച്ച് സംഗീത് പ്രതാപ്

സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂർവ്വം’ ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളി സിനിമാ പ്രേമികൾ. വർഷങ്ങൾക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്ന മോഹൻലാൽ, സംഗീത് പ്രതാപ് എന്നിവർ പഴയ ശ്രീനിവാസൻ- മോഹൻലാൽ കോമ്പിനേഷൻ പോലെയാണെന്ന് സത്യൻ അന്തിക്കാട് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ മോഹൻലാലിനോടൊപ്പമുള്ള സംഗീത് പ്രതാപിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘ഹൃദയപൂർവ്വം’ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളണ് സംഗീത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. സംഗീത് പങ്കുവെച്ച കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.


‘ഞാൻ കണ്ടു വളർന്ന ഇതിഹാസം തന്നെയാണോ അതോ കാലങ്ങളായി അറിയുന്നവരെപ്പോലെ തമ്മിൽ ചിരിക്കുന്ന കൂട്ടുകാരനാണോ ഇദ്ദേഹമെന്ന് ഒരുപാട് തവണ ഞാൻ ആലോചിച്ചു. ഇതാണെന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമചിത്രങ്ങൾ. ഈ ചിരികൾക്ക് ഒരുപാട് നന്ദി ലാലേട്ടാ’ എന്നാണ് സംഗീത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ലാലു അലക്‌സ്, സംഗീത, സിദ്ധിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരാണ് ചിത്രത്തിലെത്തുന്ന മറ്റ് പ്രധാന താരങ്ങൾ. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന 20-ാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം.

Read more