കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ഹെറോയിനുമായി ഒരാള്‍ പിടിയില്‍; അസം സ്വദേശിയില്‍ നിന്ന് കണ്ടെടുത്തത് 10 ബോട്ടിലുകളില്‍ സൂക്ഷിച്ച ലഹരി മരുന്ന്

കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ഹെറോയിനുമായി അസം സ്വദേശി അറസ്റ്റില്‍. അസം സ്വദേശി അയ്ജുല്‍ ഹക്ക് ആണ് വില്‍പ്പന ലക്ഷ്യമിട്ട് കൈവശം സൂക്ഷിച്ച ലഹരി മരുന്നുമായി പറവൂര്‍ പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് പത്ത് ബോട്ടിലുകളിലായി സൂക്ഷിച്ച ഹെറോയിന്‍ പൊലീസ് കണ്ടെടുത്തു.

നഗരം കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രധാനമായും ലഹരി കച്ചവടം നടത്തിയിരുന്നത്. അതിഥി തൊഴിലാളികള്‍ക്കും യുവാക്കള്‍ക്കുമാണ് ഇയാള്‍ പ്രധാനമായും ലഹരി കൈമാറ്റം നടത്തിയിരുന്നത്. രാത്രി കാലങ്ങളിലാണ് അയ്ജുല്‍ ഹക്കിന്റെ കച്ചവടം നഗരത്തില്‍ തകൃതിയായി നടന്നിരുന്നത്. ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വാങ്ങി ചെറിയ അളവുകളിലാക്കിയാണ് പ്രതി കച്ചവടം നടത്തിയിരുന്നത്.

Read more

കഴിഞ്ഞ കുറച്ച് നാളുകളായി പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പറവൂര്‍ മന്ദം ജാറപ്പടി ഭാഗത്ത് നിന്നാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. പ്രതി പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമയോചിത ഇടപെടലിലൂടെ പിടിയിലാകുകയായിരുന്നു.