നിപ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി, ഏഴ് പേരുടെ സ്രവ സാമ്പിളുകൾ കൂടി പൂനെയിലേക്ക് അയച്ചു: ആരോഗ്യമന്ത്രി

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗവ്യാപനം തടയാനുള്ള മാർഗങ്ങളെല്ലാം സ്വീകരിച്ചിട്ടുണ്ട്. സമ്പർക്ക പട്ടിക കൂടാൻ സാധ്യതയുണ്ടെന്നും കുട്ടിക്ക് രോഗം ബാധിച്ചതെവിടെ നിന്നാണെന്ന് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

188 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. രോഗലക്ഷണങ്ങൾ ഉള്ള മൂന്ന് പേർ ഉൾപ്പടെ 20 പേർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. ഏഴ് പേരുടെ സ്രവ സാമ്പിളുകൾ കൂടി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കൂടുതൽ പേരെ നിരീക്ഷണത്തിലാക്കാനായി ആശാ വർക്കർമാർ പ്രദേശത്ത് പ്രവർത്തനം തുടങ്ങി. ചോദ്യാവലിയുമായി ഭവനസന്ദർശനം നടത്താനും തീരുമാനിച്ചു.

Read more

നിലവിൽ കുട്ടിയുടെ അമ്മയ്ക്ക് പനിയുണ്ട്. ഒരു ആരോഗ്യപ്രവർത്തകന് കുട്ടിയെ ചികിത്സിച്ച ദിവസം തന്നെ പനിയുണ്ടായതായി പറയുന്നു. അതേസമയം നിപ വൈറസ് പടര്‍ന്നത് റംബുട്ടാനില്‍ നിന്നാകാമെന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം തൃപ്തി അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തി.