കരിമഠം കോളനനിയിലെ നസീറിനെ വെട്ടിക്കൊലപ്പെടുത്തിയത് കഞ്ചാവ് വില്‍പ്പന എതിര്‍ത്തതോടെ; രണ്ട് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി

തിരുവനന്തപുരം കരിമഠം കോളനിയില്‍ കഞ്ചാവ് വില്‍പ്പന എതിര്‍ത്ത നസീറിനെ പ്രതികള്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. തിരുവനന്തപുരം നഗരത്തിലെ പ്രധാന ലഹരി കച്ചവടക്കാരനായ അമാനം സതിയും ഏഴ് കൂട്ടാളികളും ചേര്‍ന്ന് നസീറിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

2006 സെപ്റ്റംബര്‍ 11ന് വൈകുന്നേരം 5.30ന് ആയിരുന്നു കരിമഠം കോളനിയിലെ കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിന് മുന്നില്‍ വച്ച് പ്രതികള്‍ നസീറിനെ ആക്രമിച്ചത്. കൊല്ലപ്പെട്ട നസീര്‍ ലഹരി മരുന്നിനെ എതിര്‍ക്കുന്ന റെസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടനയിലെ ഭാരവാഹിയായിരുന്നു. ലഹരി വില്‍പ്പന തുടര്‍ന്നാല്‍ പൊലീസിനെ അറിയിക്കുമെന്ന് നസീര്‍ സതിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് സതി സുഹൃത്തുക്കളുമായെത്തി ആക്രമണം നടത്തിയത്. വഞ്ചിയൂര്‍ കോടതിയിലെ ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നസീര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 23ാം ദിവസമാണ് മരിച്ചത്.

Read more

സതിയെ കൂടാതെ കരിമഠം കോളനി സ്വദേശികളായ നസീര്‍, അയ്യപ്പന്‍, സെയ്ദാലി, ഷാജി, മനു, ജയന്‍, നവാസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇതില്‍ അയ്യപ്പന്‍, ഷാജി, മനു എന്നിവര്‍ വിചാരണ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മരണപ്പെട്ടിരുന്നു. കേസിലെ ഒന്നാം പ്രതി സതി മറ്റൊരു ലഹരി വില്‍പ്പന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.