വിദേശയാത്രക്കുള്ള അവസാനശ്രമവും പരാജയപ്പെട്ടു; അനുമതി നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസും; യു.എ.ഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

കേന്ദ്ര സര്‍ക്കാരില്‍ നിന്നും അവസാനനിമിഷവും വിദേശയാത്രക്കുള്ള അനുമതി ലഭിക്കാതായതോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യുഎഇ യാത്ര ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിന്റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ഒഴിവാക്കിയത്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്.

കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് യു.എ.ഇ നേരിട്ട് ക്ഷണം നല്‍കിയതും കേന്ദ്രത്തെ പ്രകോപിപ്പിച്ചു. മേയ് ഏഴ് മുതല്‍ 11 വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. യു.എ.ഇ സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി. യു.എ.ഇ വാണിജ്യസഹമന്ത്രിയാണ് നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നല്‍കിയത്.
മന്ത്രി പിഎ മുഹമ്മദ് റിയാസിനും മീറ്റില്‍ സംസാരിക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും യുഎഇ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കേരളത്തിന് നേരിട്ട് നല്‍കിയ കത്ത് കൂടി കേന്ദ്ര അനുമതി തേടിയുള്ള അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടുത്തിയിരുന്നു. അനുമതി തേടിയുള്ള ഫയല്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നേരിട്ടു പരിശോധിച്ചു. മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്ന് കേന്ദ്രം കേരളത്തിനയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ, മന്ത്രിമാരോ പങ്കെടുക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് എടുത്തത്.