പ്രാണിയല്ല, ഇത് ഡ്രോൺ ! കൊതുകിന്റെ രൂപത്തിൽ ഡ്രോണുകൾ അവതരിപ്പിച്ച് ചൈന

സാങ്കേതികവിദ്യയിൽ പല തരത്തിലുള്ള കണ്ടുപിടുത്തങ്ങളാണ് ദിവസവും നടന്നുകൊണ്ടിരിക്കുന്നത്. നിരീക്ഷണത്തിലും രഹസ്യ സാങ്കേതികവിദ്യയിലും ഒരു സുപ്രധാന ചുവടുവയ്പ്പ് അടയാളപ്പെടുത്തിയിരിക്കുകയാണ് ചൈന ഇപ്പോൾ. ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ ചൈന നിർമിച്ച ഡ്രോണിനെ കുറിച്ചുള്ള വാർത്തകളാണ് ഏറെ ചർച്ചയാകുന്നത്. ആരും അറിയാതെ രഹസ്യമായി നിശബ്ദമായി പറക്കാൻ കഴിവുള്ള ഈ ഡ്രോണിന് ഒരു കൊതുകിന്റെ രൂപവും വലിപ്പവുമാണ് എന്നതാണ് പ്രത്യേകത. ഡ്രോണിന് ഏകദേശം 1-2 സെന്റീമീറ്റർ നീളവും ഏകദേശം 0.3 ഗ്രാം ഭാരവുമാണുള്ളത്.

അപകടം നിറഞ്ഞ സാഹചര്യങ്ങളിൽ അതീവരഹസ്യമായ നിരീക്ഷണങ്ങൾക്ക് ഈ കൊതുകിന്റെ രൂപത്തിലുള്ള ഡ്രോൺ ഉപയോഗിക്കാൻ സാധിക്കും. മഞ്ഞ നിറത്തിലുള്ള ഇല പോലുള്ള രണ്ട് ചിറകുകൾ, കറുത്ത കനം കുറഞ്ഞ ബോഡി, രോമം പോലെ നേർത്ത കാലുകൾ, ക്യാമറകൾ, മൈക്കുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ഒരു കൊതുകിന്റെ രൂപത്തിലാണ് ഡ്രോൺ രൂപകൽപന ചെയ്തിരിക്കുന്നത്. മനുഷ്യന്റെ ചർമ്മത്തിലോ വിരൽത്തുമ്പിലോ വിശ്രമിക്കാൻ അതിന്റെ രൂപകൽപ്പന അനുവദിക്കുന്നു. ഹുനാൻ പ്രവിശ്യയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ (NUDT) ശാസ്ത്രജ്ഞരാണ് ഈ ഡ്രോൺ വികസിപ്പിച്ചെടുത്തത്.

ഈ ഉപകരണം ശാസ്ത്രജ്ഞർ വിരലുകൾക്കിടയിൽ പിടിച്ചു നിൽക്കുന്നതിന്റെ വീഡിയോ ദൃശ്യനാലും പുറത്തു വന്നിട്ടുണ്ട്. കൊതുകിന്റെ രൂപം ആയതുകൊണ്ട് തന്നെ പെട്ടെന്ന് ആർക്കും എളുപ്പത്തിൽ ഇവയെ കണ്ടെത്താൻ സാധിക്കില്ല എന്നതാണ് ഈ രഹസ്യ നിരീക്ഷണ ഉപകരണത്തിന്റെ സവിശേഷത. എന്നാൽ കുറ്റവാളികൾ ഇത് വ്യക്തി വിവരങ്ങൾ ചോർത്താൻ പ്രയോജനപ്പെടുത്തിയേക്കാമെന്ന ആശങ്കയും നിലവിൽ ഉയരുന്നുണ്ട്.

സയൻസ് ഫിക്ഷൻ സിനിമകളിലും ഹോളിവുഡ് ആക്ഷൻ സിനിമകളിലുമെല്ലാം ഇത്തരം ഡ്രോണുകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ‘ബ്ലാക്ക് മിറർ’ എന്ന ടെലിവിഷൻ ഷോയിൽ സമാനമായ റോബോട്ടിക് പ്രാണികളെ ആളുകളെ കൊല്ലുന്നതിനായി ഉപയോഗിക്കുന്നതായും ‘ഹേറ്റഡ് ഇൻ ദി നേഷൻ’ എന്ന പരിപാടിയിലും റോബോട്ടുകളെ മാരകായുധമായി ഉപയോഗിക്കപ്പെടുന്നതും ചിത്രീകരിച്ചിട്ടുണ്ട്.

ഈ മൈക്രോ-ഡ്രോണിന് കെട്ടിടങ്ങൾക്കുള്ളിൽ നിന്ന് രഹസ്യമായി ചോർത്താനും റഡാറിനെ മറികടക്കാനും കഴിയും. ഇതെല്ലാം ആരും കാണാതെയും കേൾക്കാതെയും ആയിരിക്കും. കാണുമ്പോൾ നിരുപദ്രവകരമായ ഒരു ഉപകരണമായി തോന്നുമെങ്കിലും ചൈന അവതരിപ്പിച്ച ഈ ഡ്രോൺ വളരെ അപകടകാരിയായി മാറാനും സാധ്യതയുണ്ടെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.