ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമോ?. കേരളത്തില്‍ മാത്രമല്ല അങ്ങ് ദേശീയ ചാനലുകളിലും തരൂരിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച വാര്‍ത്തകളും ചോദ്യങ്ങളും അനവധിയാണ്. അടിക്കടി മോദി സ്തുതിയില്‍ ലയിക്കുന്ന തരൂര്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പക്ഷിയും ചിറകും പറക്കാന്‍ അനുമതി വേണ്ടാത്ത ആകാശവും ശശി തരൂരും കോണ്‍ഗ്രസും എന്ന നിലയിലേക്ക് രണ്ട് ചേരിപ്പോരിനും വാക്ചാതുരിയുടെ മനോഹര പോരാട്ടത്തിനും കളമൊരുക്കി. മനുസ്മൃതിയും ഭരണഘടനയും ആര്‍എസ്എസിന്റെ മനംമാറ്റം വരെ തരൂര്‍ വാക്കുകളാല്‍ മയപ്പെടുത്തിയപ്പോള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മുതലിങ്ങോട്ട് പല കോണ്‍ഗ്രസ് നേതാക്കളും തരൂരിനെതിരേയും രംഗത്ത് വന്നു.
Read more
തരൂരിന്റെ മോദി സ്തുതിയായ ലേഖനം ദേശീയ മാധ്യമത്തില്‍ വന്നതോടെയാണ് ഇടയ്‌ക്കൊന്ന് അടങ്ങിയ തരൂരിന്റെ ബിജെപി പ്രവേശന ചര്‍ച്ചകള്‍ വീണ്ടും കരുത്താര്‍ജ്ജിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രതിനിധി സംഘത്തിന്റെ തലപ്പത്ത് പാര്‍ട്ടിയുടെ അനുവാദം തേടാതെ തരൂര്‍ നടത്തിയ യാത്രയും കോണ്‍ഗ്രസിനുള്ള അതൃപ്തി വലുതാക്കിയിരുന്നു. പിന്നാലെ പാര്‍ട്ടിയെ പരിഹസിക്കും വിധമുള്ള ട്വീറ്റുകളും മറുപടിയായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നതുമെല്ലാം തരൂര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹം ശക്തമാക്കി.