പുതിയ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പരമാധികാരം ദലൈലാമയ്ക്ക്; ചൈനയുടെ പിന്തുണ വേണ്ട, നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

പുതിയ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്ന സംഭവത്തില്‍ ദലൈലാമയ്ക്ക് പിന്തുണയുമായി ഇന്ത്യ രംഗത്ത്. പുതിയ ദലൈലാമയെ തിരഞ്ഞെടുക്കുന്നതിനോ പ്രഖ്യാപിക്കുന്നതിനോ ചൈനയുടെ അംഗീകാരം ആവശ്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. പിന്‍ഗാമിയെ പ്രഖ്യാപിക്കാനുള്ള സര്‍വഅധികാരവും ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയില്‍ നിക്ഷിപ്തമാണെന്നും ഇന്ത്യ അറിയിച്ചു.

കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആണ് പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ടിബറ്റിലുള്ളവര്‍ക്ക് മാത്രമല്ല ലോകത്തിലെ ദലൈലാമയുടെ എല്ലാ അനുയായികള്‍ക്കും അദ്ദേഹത്തിന്റെ സ്ഥാനം സുപ്രധാനമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തന്റെ മരണശേഷം പിന്‍ഗാമിയുണ്ടാകുമെന്ന് ടിബറ്റന്‍ ബുദ്ധിസത്തിന്റെ ആത്മീയ നേതാവ് ദലൈലാമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Read more

ഇതിന് പിന്നാലെയാണ് തങ്ങളുടെ അംഗീകാരത്തോടെ മാത്രമേ പുതിയ ദലൈലാമയെ പ്രഖ്യാപിക്കാനാകൂ എന്ന നിലപാടുമായി ചൈന രംഗത്തെത്തിയത്. തങ്ങളുടെ മേന്‍നോട്ടത്തില്‍ മാത്രമേ ലാമയുടെ പിന്‍ഗാമിയുടെ തിരഞ്ഞെടുക്കല്‍ നടക്കൂ എന്നാണ് ചൈനയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് കിരണ്‍ റിജിജു നിലപാട് അറിയിച്ച് രംഗത്തെത്തിയത്.