ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകിയില്ല; ഇടത് എം.പിമാർ പ്രഫുൽ പട്ടേലിന് എതിരെ അവകാശലംഘന നോട്ടീസ് നൽകി

ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാർ പാർലമെന്റിന്റെ ഇരുസഭകളിലും അവകാശലംഘന നോട്ടിസ് നൽകി.

സഭാ ചട്ടം 187 പ്രകാരം രാജ്യസഭയിൽ എളമരം കരീം, ബിനോയ് വിശ്വം, എം.വി.ശ്രേയാംസ് കുമാർ, വി.ശിവദാസൻ, കെ.സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവരും സഭാ ചട്ടം 222 പ്രകാരം എ.എം.ആരിഫ്, തോമസ് ചാഴികാടൻ എന്നിവർ ലോക്‌സഭയിലുമാണ് നോട്ടിസ് നൽകിയത്.

ലക്ഷദ്വീപ് നിവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യർത്ഥനയെ തുടർന്നാണ് എംപിമാർ ദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചത്.

ദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ അഡ്മിനിസ്ട്രേറ്റർക്ക് കീഴിൽ നടപ്പിലാക്കിയിട്ടുള്ള പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് മനസിലാക്കി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുമായിരുന്നു തീരുമാനം.

Read more

ഇത് പാര്‍ലമെന്റ് അംഗങ്ങളോടുള്ള അവഹേളനമാണെന്നും അഡ്മിനിസ്‌ട്രേറ്ററോട് പാര്‍ലമെന്റ് വിശദീകരണം തേടണമെന്നും ഗുരുതരമായ കൃത്യവിലോപം കാണിച്ച മുഴുവന്‍ ആളുകള്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു.