കണ്ടല ബാങ്ക് തട്ടിപ്പില്‍ കുടുക്കിയത് എല്‍ഡിഎഫ് നേതാവ്; പിന്നില്‍ വ്യക്തിവിരോധവും അസൂയയും; ആരോപണവുമായി എന്‍ ഭാസുരാംഗന്‍

കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ തന്നെ എല്‍ഡിഎഫിലെ ഒരു ഉയര്‍ന്ന നേതാവ് കുടുക്കിയതാണെന്ന ആരോപണവുമായി ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്‍. ബാങ്കില്‍ 48 കോടി രൂപയിലാണ് തിരിമറി നടന്നത്. ഇത് 101 കോടി ആക്കിയത് ആ നേതാവ് പറഞ്ഞിട്ടാണെന്നും ഭാസുരാംഗന്‍ ആരോപിച്ചു.
തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തില്‍ നിന്നുള്ള ആളാണ് ആ നേതാവ്. കഴിഞ്ഞ ദിവസം ഇഡി തന്നെ കസ്റ്റഡിയിലെടുത്തിട്ടില്ല. ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നത്. ഇഡി ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഭാസുരാംഗന്‍ ഇന്നു മാധ്യമങ്ങളോട് പറഞ്ഞു.

കേരള ബാങ്ക് തടഞ്ഞുവെച്ച ഫണ്ട് കിട്ടിയാല്‍ പ്രശ്‌നങ്ങള്‍ തീരും. തന്നെ വ്യക്തിപരമായി ഉപദ്രവിക്കാന്‍ ഒരു ഗൂഢസംഘം ശ്രമിച്ചു. അതില്‍ എല്‍ഡിഎഫുകാരും യുഡിഎഫുകാരും ബിജെപിക്കാരും ഉണ്ട്. വൈരാഗ്യത്തിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും ഭാസുരാംഗന്‍ പറഞ്ഞു.

Read more

താന്‍ മില്‍മ അഡ്മിനിസ്‌ട്രേറ്റര്‍ ആയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. വ്യക്തിവിരോധം, അസൂയ എന്നിവയാണ് ഇതിനെല്ലാം പിന്നില്‍. തന്നെ മാധ്യമങ്ങള്‍ കേട്ടില്ലെന്ന് ഭാസുരാംഗന്‍ പറഞ്ഞു. പാര്‍ട്ടി കൈവിട്ടു എന്ന് തോന്നിയിട്ടില്ല. പാര്‍ട്ടി രണ്ടര വര്‍ഷം കൊണ്ട് ഈ പ്രശ്‌നം സഹിക്കുന്നു. പാര്‍ട്ടിക്ക് താന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നുവെന്നും അദേഹം പറഞ്ഞു.