കോട്ടയം കൂട്ടിക്കലിൽ വീണ്ടും ഉരുൾപൊട്ടൽ

 

കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ വീണ്ടും ഉരുൾപൊട്ടൽ. കൂട്ടിക്കലിലെ ഇളംകാട് മ്ളാക്കരയിലാണ് ഉരുൾപൊട്ടിയത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. മ്ലാക്കര ഭാഗത്ത് 20 ഓളം കുടുംബങ്ങൾ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. ഫയർഫോഴ്‌സ്-പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.

മൂന്നിടത്ത് ഉരുൾ പൊട്ടിയതായി സംശയമുണ്ടെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മ്ലാക്കര ചപ്പാത്ത് അപകടാവസ്ഥയിലാണെന്നാണ് പ്രദേശത്ത് നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. നാശനഷ്ടം ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറ്റിലെ ജലനിരപ്പുയർന്നു. തീരത്തുള്ളവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.