കേരളത്തിൽ മൺസൂൺ വെെകും; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഇങ്ങനെ

സംസ്ഥാനത്ത് മൺസൂൺ മഴ ആരംഭിക്കാൻ താമസിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതിയ കണക്കുകൂട്ടൽ പ്രകാരം ജൂൺ ഒന്നിന് സംസ്ഥാനത്ത് മൺസൂൺ മഴ എത്തുമെന്നാണ് കരുതുന്നത്. തെക്ക് പടിഞ്ഞാറൻ മൺസൂൺ ഇന്ന് എത്തിയേക്കാമെന്നും ഇതിൽ നാല് ദിവസം മുൻപോ നാലുദിവസത്തിന് ശേഷമോ ആകാനും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്.

മുൻപ് മെയ് 27ഓടെ മൺസൂൺ  കേരളത്തിലെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. നിലവിൽ ആൻഡമാൻ ദ്വീപുകളിൽ എത്തിയ മൺസൂൺ കൂടുതൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് അറബിക്കടലിലേക്ക് വൈകാതെയെത്തും. കേരളത്തിലേക്ക് തുടർച്ചയായും ശക്തമായും കാറ്റ് വീശിയാലേ മൺസൂൺ കൃത്യസമയത്ത് എത്തുകയുള‌ളു.

Read more

എന്നാൽ നിലവിൽ ഈ മേഖലയിൽ ഇത്തരം സാഹചര്യം ഉരുത്തിരിഞ്ഞിട്ടില്ല. വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലർട്ട് പിൻവലിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകും.വരുന്ന 48 മണിക്കൂറിൽ തെക്ക് കിഴക്കൻ അറബിക്കടലിലും മാലിദ്വീപിലും കന്യാകുമാരി മേഖലയിലും മൺസൂൺ ശക്തിപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം.