ഒക്ടോബറില്‍ മഴ കനക്കും; കാലവര്‍ഷത്തിലെ മഴക്കുറവ് തുലാവര്‍ഷം തീര്‍ക്കും

ഒക്ടോബറില്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ഇത്തവണ കാലവര്‍ഷം നിരാശപ്പെടുത്തിയെങ്കിലും തുലാവര്‍ഷം ആശ്വാസമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഏറ്റവും കുറവ് മഴ ലഭിച്ച കാലവര്‍ഷമായിരുന്നു ഈ വര്‍ഷം.

34% മഴക്കുറവാണ് ഈ കാലവര്‍ഷം രേഖപ്പെടുത്തിയത്. 2023 കാലവര്‍ഷത്തില്‍ 2018.6 മി മീ മഴ ലഭിക്കേണ്ടതാണ്. എന്നാല്‍ 1326.1 മി മീ മഴ മാത്രമാണ് ലഭിച്ചത്. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് മഴ മാത്രമാണ് ഇത്തവണ ലഭിച്ചത്.

ഇത്തവണ തുലാവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒക്ടോബര്‍ മാസത്തിലും സാധാരണ ഈ കാലയളവില്‍ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്.

Read more

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും തുടരുന്നുണ്ട്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.