ബിജെപിക്ക് മൂന്നാമതും ഭരണത്തിലെത്താന്‍ കഴിയില്ലെന്നതിന്റെ വെപ്രാളം; ഇഡിയെ കേന്ദ്ര സര്‍ക്കാര്‍ കയറൂരി വിട്ടുന്നു; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

മൂന്നാമതും ഭരണത്തിലെത്താന്‍ കഴിയില്ലെന്നതിന്റെ വെപ്രാളത്തിലാണ് ബിജെപി സര്‍ക്കാര്‍ ഇഡിയെ കയറൂരി വിട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന നാല് സംസഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം ഒരേസമയം ഇഡി റെയ്ഡ് നടന്നത്. പുതിയ സാഹചര്യത്തില്‍ ബിജെപി എങ്ങിനെ പ്രതികരിക്കുമെന്നതിന്റെ സൂചനയാണിത്.

മൂന്നാമത്തെ തവണയും ബിജെപി അധികാരത്തിലെത്തുന്നത് അപരിഹാര്യമായ ആപത്താണെന്ന വസ്തുത പൊതുവെ രാജ്യത്തെ ജനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഈ ആപത്ത് ഒഴിവാക്കേണ്ടതാണെന്ന പൊതുനിലപാടിലാണ് എല്ലാവരും. മതനിരപേക്ഷത ആഗ്രഹിക്കുന്നവര്‍ ചേര്‍ന്നുള്ള കൂട്ടായ്മ വന്നത് അതിനാണ്. തുടര്‍ഭരണം ബിജെപിയുടെ കൈകളില്‍ എത്താതിരിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. ഈ കൂട്ടായ്മ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളാണ് രാജ്യത്തെങ്ങും. ഇനിയൊരു ടേം അസാധ്യമാണെന്ന തിരിച്ചറിവ് ബിജെപിക്കുമുണ്ട്. അത് കൂടുതല്‍ ആപല്‍ക്കരമായ നീക്കങ്ങളിലേക്ക് അവരെ പ്രേരിപ്പിക്കും.

Read more

സമീപദിവസങ്ങളിലെ റെയ്ഡ് അടക്കമുള്ള സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്. ഇനിയും കൂടുതല്‍ ഇത്തരം നീക്കങ്ങള്‍ പ്രതീക്ഷിക്കാം. അതേസമയം ഏതെങ്കിലും ബിജെപിയിതരരെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചിട്ടും കാര്യമില്ലെന്നതും ഓര്‍ക്കണം. അത് സംഘപരിവാര്‍ മനസുള്ളവരാകരുത്. മതനിരപേക്ഷതയ്ക്കുവേണ്ടി ഉറച്ച മനസോടെ നിലകൊള്ളുന്നവരും വര്‍ഗീയതയെ ചെറുക്കുന്നവരുമാകണം. കോണ്‍ഗ്രസിന് ഒരിക്കലും ഇക്കാര്യത്തില്‍ തീര്‍ച്ചയും മൂര്‍ച്ചയുമുള്ള നിലപാട് എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.