ഞാറക്കല്‍ സി.ഐയെ പോലുള്ളവരാണ് ഇടതുപക്ഷത്തെ തകര്‍ക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, തന്നെ തടഞ്ഞത് സാമൂഹിക വിരുദ്ധരും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തരും ചേര്‍ന്ന്

ആശുപത്രിക്ക് സമീപം തന്നെ തടഞ്ഞത് ചില സാമൂഹിക വിരുദ്ധരും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും ചേര്‍ന്നാണെന്നാണ് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. ഈ സമയത്ത് ഞാറക്കല്‍ സി.ഐ നോക്കുകുത്തിയെ പോലെ നില്‍ക്കുകയായിരുന്നെന്നും പി. രാജു പറഞ്ഞു. മാധ്യമങ്ങളോടാണ് ഇദ്ദേഹം ഇങ്ങനെ പറഞ്ഞത്.

“ഞാറക്കല്‍ സി.ഐ മുരളിയെ പോലെയുള്ളവരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ നടപടി ശരിയല്ലെന്ന് സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയെ വിളിച്ച് അറിയിച്ചുവെന്നും പി. രാജു പറഞ്ഞു.

വൈപ്പിന്‍ സര്‍ക്കാര്‍ കോളജില്‍ ഇന്നലെ എസ്.എഫ്‌.ഐ-എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഈ ഏറ്റുമുട്ടലില്‍ പരിക്കേറ്റ എ.ഐ.എസ്.എഫ് കോളജ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു, സാലിഹ് എന്നിവരെ കാണാനായി പി.രാജു രാത്രിയോടെ ഞാറക്കല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ആശുപത്രിക്ക് സമീപം തടഞ്ഞത്.

പരിക്കേറ്റ എ.ഐ.എസ്.എഫ് നേതാക്കളെയും ആശുപത്രിയിലെത്തിയ സി.പി.ഐ നേതാക്കളെയും കണ്ട പി.രാജുവിന്റെ ഇടപെടലിന്റെ ഫലമായി പൊലീസ് മര്‍ദ്ദനമേറ്റവരില്‍ നിന്നും മൊഴി എടുത്തു. ഇതിനു ശേഷം പി.രാജു ആശുപത്രിയില്‍ നിന്നും മടങ്ങാനൊരുങ്ങുമ്പോഴാണ് അവിടെയുണ്ടായിരുന്ന ചില ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ തങ്ങളുടെ ബൈക്കുകളുപയോഗിച്ച് അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞത്.

ഇതോടെ പി. രാജുവും സി.പി.ഐ പ്രവര്‍ത്തകരും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞു. വാക്കേറ്റം രൂക്ഷമായതിനിടെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ വാഹനത്തില്‍ അടിച്ചു സംസാരിച്ചെന്നും സി.പി.ഐ ആരോപിക്കുന്നു. പിന്നീട് ഞാറക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ഇരുപക്ഷത്തേയും പ്രവര്‍ത്തകരെ പിരിച്ചു വിട്ടത്.