എനിക്ക് രാഷ്ട്രീയമില്ല, എളമരം കരീമിന് അത് പറയാനുള്ള അധികാരമുണ്ട്: പി.ടി ഉഷ

രാജ്യസഭ നാമനിര്‍ദേശം ഇന്ത്യന്‍ കായികരംഗത്തിനുള്ള അംഗീകാരമാണെന്ന് പി.ടി ഉഷ. സ്‌പോര്‍ട്‌സ് ജീവവായുവാണെന്നും സ്‌പോര്‍ട്‌സിനുവേണ്ടിയാണ് ഇനിയും പ്രവര്‍ത്തിക്കുകയെന്നും പി.ടി.ഉഷ പറഞ്ഞു.

എനിക്ക് രാഷ്ട്രീയമില്ല. എല്ലാവരുടെയും പിന്തുണയുണ്ട്. എളമരം ഞാന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവാണ്. അദ്ദേഹത്തിന് അത് പറയാനുള്ള അധികാരമുണ്ടെന്നും പി.ടി.ഉഷ പറഞ്ഞു. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് ഉഷ വാര്‍ത്താസമ്മേളനം നടത്തിയത്.

പി.ടി ഉഷയുടെ രാജ്യസഭാ നാമനിര്‍ദേശത്തെ പരിഹസിച്ച് എളമരം കരീം രംഗത്ത് വന്നിരുന്നു. ‘ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്’ എന്നായിരുന്നു കരീമിന്റെ പരിഹാസം.

കഴിഞ്ഞ ദിവമസാണ് ഉഷയെയും സംഗീതജ്ഞന്‍ ഇളയരാജ, ബാഹുബലി അടക്കമുള്ള സിനിമകളുടെ എഴുത്തുകാരന്‍ വി വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്ഡെ എന്നിവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

നാമനിര്‍ദേശം ചെയ്തതില്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പിടി ഉഷ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. എംപിയായി നാമനിര്‍ദേശം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുമെന്നുമായിരുന്നു ഉഷയുടെ പ്രതികരണം.