ചെന്നിത്തലക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം: ഗവര്‍ണര്‍ നിയമ പരിശോധന നടത്തും

Advertisement

ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം വേണമെന്ന അവശ്യത്തില്‍ ഗവര്‍ണര്‍ നിയമപരിശോധന നടത്തും. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാലും രണ്ടുതവണ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ച സാഹചര്യത്തിലുമാണ് നിയമ പരിശോധന നടത്തുന്നത്.

രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. അന്വേഷണത്തിന് ഇനി ഗവര്‍ണറുടേയും സ്പീക്കറുടേയും അനുമതി ആവശ്യമാണ്. അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ചെന്നിത്തല നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ നിയമപരിശോധന നടത്തിയ ശേഷമാകും ഗവര്‍ണര്‍ അന്വേഷണത്തിന് അനുമതി നല്‍കുക.

അന്വേഷണ അനുമതികള്‍ സാധാരണഗതിയില്‍ ഗവര്‍ണര്‍ വേഗത്തില്‍ നല്‍കാറുണ്ട്. പ്രോസിക്യൂഷന്‍ അനുമതികള്‍ക്കാണ് കൂടുതല്‍ പരിശോധനകള്‍ നടത്താറുള്ളത്. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള കേസായതിനാലും പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് പരിശോധന.

ബിജു രമേശ് ആരോപണം ഉന്നയിച്ച ഘട്ടത്തില്‍ രമേശ് ചെന്നിത്തല മന്ത്രി ആയിരുന്നില്ല. അതുകൊണ്ടുതന്നെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണോ എന്ന കാര്യവും രാജ്ഭവന്‍ പരിശോധിക്കും.

രമേശ് ചെന്നിത്തലയെ കൂടാതെ മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരേ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവിന് കാബിനറ്റ് പദവിയുള്ളതിനാലാണ്  അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി തേടിയത്.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച തുകയില്‍നിന്ന് രമേശ് ചെന്നിത്തലയ്ക്ക് ഒരുകോടി രൂപയും കെ. ബാബുവിന് 50 ലക്ഷവും വി.എസ്. ശിവകുമാറിന് 25 ലക്ഷവും കൈമാറിയെന്നാണ് ബിജു രമേശ് ഉന്നയിച്ച ആരോപണം.