ഭാര്യ ഷീല നടത്തിയത് 85 ലക്ഷത്തിന്റെ ബിസിനസ് ഇടപാട്; എന്‍ആര്‍ഐയും സംശയ മുനയില്‍; 150 കോടിയുടെ തട്ടിപ്പിന് കൂട്ടുനിന്നു; അരവിന്ദാക്ഷന്‍ ചെറിയ മീനല്ലെന്ന് ഇഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി അറസ്റ്റ് ചെയ്ത സിപിഎം നേതാവും
വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷന്‍ നടത്തിയ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവിട്ട് ഇഡി. അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയുടെ പേരിലുള്ള അക്കൗണ്ട് വിവരങ്ങളും ഇഡി വ്യക്തമാക്കി.

അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ ബാങ്കിലുള്ള അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. എന്നാല്‍ 1600 രൂപയുടെ ക്ഷേമപെന്‍ഷന്‍ മാത്രമാണ് ഇവര്‍ക്കുള്ളത്.

ഈ അക്കൗണ്ടിന്റെ നോമിനി കേസിലെ മുഖ്യ പ്രതിയായ സതീഷ് കുമാറിന്റെ സഹോദരന്‍ ശ്രീജിത്താണെന്നും ഇഡി കണ്ടെത്തി. ഇയാളുടെ വിദേശ സന്ദര്‍ശനങ്ങളിലും അന്വേഷണം നടക്കുമെന്ന് ഇഡി അറിയിച്ചു.

അരവിന്ദാക്ഷന്റെ ഭാര്യ ഷീല 85 ലക്ഷം രൂപയുടെ ബിസിനസ് ഇടപാട് അജിത്ത് മേനോന്‍ എന്ന എന്‍ആര്‍ഐയുമായി നടത്തി. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ പറ്റിയിട്ടില്ല. ജില്‍സ് ഭാര്യ ശ്രീലതയുടെ പേരില്‍ ആറ് വസ്തുവകകളുടെ ഡീല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഏതെല്ലാം അക്കൗണ്ടു വഴിയാണു സാമ്പത്തിക ഇടപാടെന്ന് വ്യക്തമാക്കിയിട്ടല്ലെന്നും ഇഡി അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ജി. കവിത്കര്‍ കോടതിയില്‍ അറിയിച്ചു.

Read more

ബിനാമികളുടെ പേരില്‍ 150 കോടി രൂപ വായ്പയെടുത്തുള്ള തട്ടിപ്പിനു കൂട്ടുനിന്നെന്നാണ് അരവിന്ദാക്ഷനും ജില്‍സിനുമെതിരെയുള്ള ഇഡി കണ്ടെത്തല്‍. കരുവനൂര്‍ കേസില്‍ ഇനിയും പ്രതികളുണ്ടെന്നും അരവിന്ദാക്ഷന്‍ ഒറ്റയ്ക്കല്ലെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. പല ഉന്നതരുമായും അരവിന്ദാക്ഷന് ബന്ധമുണ്ട്. ഇവരില്‍ ആരൊക്കെ തട്ടിപ്പിന്റെ പങ്ക് പറ്റി എന്ന് കണ്ടെത്താനാണ് ഇഡിയുടെ ശ്രമം.