കൊച്ചിയില്‍ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി സംഘര്‍ഷം; ലഹരി സംഘത്തിലെ നാല് പേര്‍ പിടിയില്‍

കൊച്ചിയില്‍ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മില്‍ തല്ലിയ ലഹരി സംഘത്തിലെ നാല് യുവാക്കള്‍ അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി സ്വദേശികളായ രാഹുല്‍, അതുല്‍ദേവ്, മണ്ണാര്‍ക്കാട് സ്വദേശികളായ അനസ്, അബുതാഹിര്‍ എന്നിവരാണ് കേസില്‍ പിടിയിലായത്. പിടിയിലായ പ്രതികളില്‍ നിന്ന് പൊലീസ് രണ്ട് കിലോഗ്രാം കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു.

പുതുവത്സരാഘോഷം മുന്നില്‍ കണ്ട് വില്‍പ്പനയ്ക്ക് വാങ്ങിയ കഞ്ചാവിന്റെ ഗുണനിലവാരവും സാമ്പത്തിക വിഷയങ്ങളുമാണ് സംഘം തമ്മിലടിക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. അതുല്‍ദേവ് പിടിയിലായ മറ്റ് പ്രതികളില്‍ നിന്ന് വാങ്ങിയ രണ്ട് കിലോഗ്രാം കഞ്ചാവിന് ഗുണനിലവാരം കുറവെന്ന് അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് കഞ്ചാവ് തിരിച്ചെടുത്ത് പണം നല്‍കാന്‍ അതുല്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വില്‍പ്പന നടത്തിയവര്‍ കഞ്ചാവ് തിരിച്ചെടുത്തു. എന്നാല്‍ സംഘം പണം നല്‍കാന്‍ തയ്യാറായില്ല. പിടിയിലായ നാല് പ്രതികളും കൊച്ചി കോന്തുരുത്തിയില്‍ വച്ച് കണ്ടതോടെ ഇതേ ചൊല്ലിയുള്ള തര്‍ക്കം ആരംഭിച്ചു.

Read more

പിന്നാലെ തെരുവില്‍ സംഘം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതികളില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു. ലഹരി സംഘത്തിലെ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം.