പൊലീസ് നിര്‍ദേശങ്ങളുടെ മറവില്‍ സദാചാര ഗുണ്ടായിസമെന്ന് ആരോപണം, ഒലിവ് കോര്‍ട്ട് യാര്‍ഡ് അസോസിയേഷന് എതിരെ പരാതി

പൊലീസ് നിര്‍ദേശങ്ങുടെ മറവില്‍ ഫ്‌ളാറ്റ് അസോസിയേഷന്‍ സാദാചാര പൊലീസിംഗ് നടത്തുന്നതായി കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി .കാക്കനാട്ടെ ഒലിവ് കോര്‍ഡ് യാര്‍ഡ് ഫ്‌ളാറ്റ് അസോസിയേഷനെതിരെയാണ് വാടകയ്ക്ക് താമസിക്കുന്ന 64 കുടുംബങ്ങള്‍ പരാതി നല്‍കിയത്.

ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് പോലും തങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് കയറണമെങ്കില്‍ ദിവസവും തിരിച്ചറിയല്‍ രേഖ കാണിക്കേണ്ട അവസ്ഥയാണെന്നാണ് പരാതിക്കാര്‍ പറയുന്നത്. മാര്യേജ് സര്‍ട്ടിഫിക്കേറ്റ് കാണിച്ചാല്‍ മാത്രമേ അകത്തേക്ക് കയറ്റിവിടുകയുള്ളുവെന്ന സ്ഥിതിയാണുള്ളതെന്നും വാടകക്ക് താമസിക്കുന്നവര്‍ പറയുന്നു. താമസക്കാരുടെ എതിര്‍ലിംഗത്തില്‍ പെട്ട ആര് വന്നാലും പ്രവേശനമില്ല. മകന്‍ ഈ ഫ്‌ളാറ്റില്‍ താമസിക്കുന്നുണ്ടെന്നും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞിട്ടും അച്ഛനമ്മാരെ പോലും ഫ്‌ളാറ്റിലെ സെക്യൂരിറ്റി പുറത്ത് നിര്‍ത്തിയ സ്ഥിതിയുണ്ടായെന്നും ഇവര്‍ പരാതിയില്‍ പറയുന്നത്.

ഇന്‍ഫോപാര്‍ക്കില്‍ നിന്ന് ഏറ്റവും അടുത്തുള്ള ഫ്‌ലാറ്റാണ് ഒലിവ് കോര്‍ഡ് യാര്‍ഡ്. 5 ടവറുകളിലായി 500 അധികം ഫ്‌ളാറ്റുകളുണ്ട്. ഫാള്റ്റുകള്‍ കേന്ദ്രീകരിച്ച് ക്രിമിനല്‍- സാമൂഹ്യ വിരുദ്ധ കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ താമസക്കാരുടെ പേര് വിവരങ്ങള്‍ സൂക്ഷിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ മറപിടിച്ച് വ്യക്തി സ്വാതന്ത്രത്തിലുള്ള അനാവശ്യ കടന്നുകയറ്റമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളടക്കം 64 പേര്‍ പൊലീസില്‍ പരാതി നല്‍കിയത്.