'പ്രതിപക്ഷ നേതാവിനെ രാഷ്ട്രീയ വനവാസത്തിന് വിടില്ല'; വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിയിൽ വി ഡി സതീശന് പിന്തുണയുമായി യുഡിഎഫ് നേതാക്കൾ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിക്ക് പിന്നാലെ പ്രതിപക്ഷനേതാവ് വി ഡി സതീശനെ പിന്തുണച്ച് യുഡിഎഫ് നേതാക്കൾ രംഗത്ത്. സതീശനെ രാഷ്ട്രീയ വനവാസത്തിന് വിടില്ലെന്നാണ് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയത്. അതേസമയം വെള്ളാപ്പള്ളി നടേശനെതിരെതിരെ രൂക്ഷ വിമർശനവുമായി വിഎം സുധീരൻ രം​ഗത്തെത്തി.

വെള്ളാപ്പള്ളി നടേശൻ – വി ഡി സതീശൻ പോര് കണക്കുന്നതിനിടെ ഇക്കഴിഞ്ഞ ദിവസമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ താൻ എസ്എൻഡിപി യോഗത്തിൻ്റെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും 100 സീറ്റ് കിട്ടിയില്ലെങ്കിൽ സതീശൻ രാജിവച്ച് വനവാസത്തിന് പോകുമോ എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചിരുന്നു.

പറവൂരിലെ ഒരു ചടങ്ങിലായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. കഴിഞ്ഞ ദിവസം വിഡി സതീശൻ ഈഴവ വിരോധിയാണെന്നും ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണെന്നും പരിഹസിച്ചതിന് പിന്നാലെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പുതിയ വെല്ലുവിളി. ഇതിന് പിന്നാലെ മറുപടിയുമായി വി ഡി സതീശൻ രംഗത്തെത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ തിരികെ കൊണ്ടുവരുമെന്നും ഇല്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു.