നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി: മുസ്ലീം ലീഗ് നടപടിക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ മുസ്ലീം ലീഗ് നടപടിക്ക്. സിറ്റിംഗ് സീറ്റുകളിലുൾപ്പെടെയുളള തോൽവിക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ചയെന്ന് മുസ്ലീം ലീഗ് ഉപസമിതി റിപ്പോർട്ടിനു പിന്നാലെയാണ് നടപടിക്ക് ഒരുങ്ങുന്നത്. നടപടിയുടെ ഭാഗമായി കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മറ്റി പിരിച്ചുവിടും. കുറ്റ്യാടിയിൽ വേളം പഞ്ചായത്ത് കമ്മിറ്റിക്കെതിരെയും നടപടിയുണ്ടാകും.

കോഴിക്കോട് സൗത്തിലും അഴീക്കോടും ഏകോപനത്തിലെ പിഴവും വിഭാഗീയതയും തിരിച്ചടിയായെന്നും ലീഗ് നേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഈ മാസം 27 ചേരുന്ന ഉന്നതാധികാര സമിതിയിൽ സംഘടനാ നടപടി പ്രഖ്യാപിക്കും. കളമശ്ശേരിയിൽ വിഭാഗീയത തോൽവിക്ക് കാരണമായെന്നും ലീഗ് നിയോഗിച്ച അന്വേഷണ കമ്മീഷൻ വിലയിരുത്തി.

Read more

അഴീക്കോട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സംവിധാനം തന്നെ പാളിയെന്നാണ് നിരീക്ഷണം . ഇലക്ഷന് തൊട്ടുപുറകേ, മണ്ഡലത്തിന്റെ ചുമതല വഹിച്ച കോൺഗ്രസ് നേതാവ് എൻസിപിയിലേക്ക് പോയത് ഉദാഹരണം. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് മത്സരിച്ച താനൂരിലും സ്ഥിതി സമാനമായിരുന്നു. ഇവിടെ ബിജെപി വോട്ടുകൾ ഇടതുമുന്നണിയിലേക്ക് പോയെന്നും റിപ്പോർട്ടിലുണ്ട്.