കോഴിക്കോട് പേരാമ്പ്ര സ്വദേശിനി അനു കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അനുവിന്റെ ആഭരണങ്ങള്‍ വില്‍ക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അബൂബക്കറാണ് അറസ്റ്റിലായത്. അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്‌മാന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാന്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ്.
അനുവിനെ കൊലപ്പെടുത്തിയ ശേഷം മുജീബ് റഹ്‌മാന്‍ മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കുന്നതിനായി ഏല്‍പ്പിച്ചത് അബൂബക്കറെയായിരുന്നു. ഇയാള്‍ സ്വര്‍ണം വില്‍ക്കാനെത്തിയ ജ്വവല്ലറിയില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. അന്‍പതോളം കേസുകളിലെ പ്രതിയായ മുജീബ് കൃത്യം നടത്തിയ സമയത്ത് ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മട്ടന്നൂരില്‍ നിന്ന് പ്രതി മോഷ്ടിച്ച ബൈക്കാണ് കൃത്യത്തിന് ഉപയോഗിച്ചത്. നെച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂരില്‍ കുറുങ്കുടി വാസുവിന്റെ മകള്‍ അംബിക എന്ന അനുവിനെ തിങ്കളാഴ്ച രാവിലെയാണ് കാണാതായത്. ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത ശേഷം വഴിയില്‍ വച്ച് തോട്ടിലേക്ക് തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തുകയായിരുന്നു.
യുവതിയുടെ മരണം ഉറപ്പാക്കിയ ശേഷം പ്രതി സ്വര്‍ണ്ണം മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കേസില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ സ്ഥിരം മോഷണ ശൈലിയാണ് ഇതെന്നും പൊലീസ് പറയുന്നു.ആശുപത്രിയില്‍ പോകുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച രാവിലെ അനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കോട്ടൂര്‍ താഴെ വയലില്‍ തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അര്‍ദ്ധ നഗ്‌നമായ മൃതദേഹത്തില്‍ നിന്ന് അഭരണങ്ങളും നഷ്ടമായിരുന്നു. ആഭരണങ്ങള്‍ മൃതദേഹത്തില്‍ നിന്ന് നഷ്ടമായതിനെ തുടര്‍ന്ന് മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണോ ഇതെന്ന് പൊലീസ് സംശയിച്ചിരുന്നു.
Read more
ഇതേ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന ബൈക്കിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മലപ്പുറത്തെ വീട്ടില്‍ നിന്നാണ് മുജീബിനെ കസ്റ്റഡിയിലെടുത്തത്. പ്രതി മോഷ്ടിച്ച ബൈക്കിലെത്തിയാണ് ക്രൂര കൃത്യം നടത്തിയത്.