എ.കെ.ജി സെന്റര്‍ ആക്രമണം: പ്രതിക്ക് സ്‌കൂട്ടർ എത്തിച്ചത് വനിതാനേതാവ്; ചോദ്യം ചെയ്യും

എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിന്റെ സുഹൃത്തായ വനിതാ നേതാവിനെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്. പ്രതിക്ക് സ്‌കൂട്ടര്‍ എത്തിച്ചത് ഇവരാണെന്നാണ് നിഗമനം. പ്രതിയാക്കണോ എന്ന് ചോദ്യം ചെയ്ത ശേഷം തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

അതേസമയം ഗൂഢാലോചനയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കൂടി പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച ജിതിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. സ്‌ഫോടക വസ്തു എറിയാന്‍ ജിതിനെ സഹായിച്ചവരെ കണ്ടെത്തുകയാണ് ലക്ഷ്യം.

സുരക്ഷ പ്രശ്‌നങ്ങളുള്ളതിനാല്‍ എകെജി സെന്ററില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണണോയെന്ന കാര്യം ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടില്ല. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമാണ് പ്രതിക്കെതിരെ നിലവിലുള്ളത്. ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Read more

പ്രതി കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചാണെന്നും ജിതിന്‍ ഇക്കാര്യം സമ്മതിച്ചെന്നുമാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. ഡിയോ സ്‌കൂട്ടറിലെത്തി സ്‌ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ഗൗരീശപട്ടത്തേക്ക് പോകുന്നതായാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.