ചേര്‍പ്പില്‍ പിടിയിലായത് ടെലിഗ്രാം ആപ്പിലൂടെ ലഹരി വില്‍പ്പന നടത്തിയ യുവാവ്; മയക്ക് മരുന്നിന്റെ ഭാരം വര്‍ദ്ധിപ്പിക്കാന്‍ അരച്ച് ചേര്‍ത്തത് ബള്‍ബുകള്‍

തൃശൂര്‍ ചേര്‍പ്പില്‍ ടെലിഗ്രാം ആപ്പിലൂടെ ലഹരി മരുന്ന് വില്‍പ്പന നടത്തിയിരുന്ന യുവാവ് എംഡിഎംഎയുമായി പിടിയിലായി. വല്ലച്ചിറ കാരമുക്ക് സ്വദേശി അഭിരാഗ് ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് എക്‌സൈസ് സംഘം 4.5ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. വ്യാപകമായി മയക്ക് മരുന്ന് കച്ചവടം നടക്കുന്നുവെന്ന് എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ലഹരി കച്ചവടത്തില്‍ പുത്തന്‍ തന്ത്രങ്ങളായിരുന്നു ഇയാള്‍ നടപ്പിലാക്കിയിരുന്നത്. പ്രതി ലഹരി വില്‍പ്പന നടത്തിയ ശേഷം സ്വന്തം അക്കൗണ്ടില്‍ പണം വാങ്ങാതെ മറ്റ് പല അക്കൗണ്ടുകളിലൂടെയാണ് പണം വാങ്ങിയിരുന്നത്. കൂടാതെ മയക്ക് മരുന്നിന് തൂക്കം വര്‍ദ്ധിപ്പിക്കാന്‍ ബള്‍ബുകളും കുപ്പിച്ചില്ലും അരച്ച് ചേര്‍ത്തിരുന്നതായും എക്‌സൈസ് കണ്ടെത്തി.

Read more

ഇത്തരത്തില്‍ മയക്ക് മരുന്ന് വിറ്റ് സമ്പാദിക്കുന്ന പണം ഉപയോഗിച്ച് യാത്ര പോകുന്നതാണ് പ്രതിയുടെ രീതി. ഗോവ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ടൂര്‍ പോവുകയും അവിടെ നിന്ന് ലഹരി വസ്തുക്കള്‍ നാട്ടിലേക്ക് കടത്തിക്കൊണ്ട് വരുകയും ചെയ്യും. തുടര്‍ന്ന് വീണ്ടും ബള്‍ബുകളും കുപ്പിച്ചില്ലും അരച്ച് ചേര്‍ത്ത് ലഹരി വിറ്റഴിക്കും.