ലഹരി വില്‍പ്പനയെ എതിര്‍ത്ത പത്തൊന്‍പതുകാരനെ വെട്ടിക്കൊലപ്പെടുത്തി; നാല് പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

തിരുവനന്തപുരത്ത് ലഹരി വില്‍പ്പനയെ എതിര്‍ത്ത പത്തൊന്‍പതുകാരനെ വെട്ടിക്കൊലപ്പെടുത്തി. കിള്ളിപ്പാലം കരിമഠം കോളനിയിലെ അലിയാറിന്റെ മകന്‍ അര്‍ഷാദ് ആണ് കൊല്ലപ്പെട്ടത്. അര്‍ഷാദിന്റെ സഹോദരന്‍ അല്‍-അമീനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അല്‍-അമീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അര്‍ഷാദും സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ പ്രദേശത്ത് ലഹരി മരുന്ന് വില്‍പ്പനയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചയ്‌ക്കെന്ന് വിശ്വസിപ്പിച്ച് വിളിച്ച് വരുത്തിയാണ് നാലംഗ സംഘം അര്‍ഷാദിനെ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5.30ന് ആയിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കരിമഠം സ്വദേശിയായ ധനുഷ് എന്ന യുവാവ് ഉള്‍പ്പെടെ അറസ്റ്റിലായ നാലുപേരില്‍ മൂന്ന് പേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് റിപ്പോര്‍ട്ട്. അര്‍ഷാദും അല്‍-അമീനും ഉള്‍പ്പെട്ട യുവാക്കള്‍ കോളനിയില്‍ മഠത്തില്‍ ബ്രദേഴ്‌സ് ക്ലബ്ബ് എന്ന പേരില്‍ ആരംഭിച്ച കൂട്ടായ്മ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

യുവാക്കളുടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും പ്രതികളെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വാക്കേറ്റങ്ങളും തര്‍ക്കങ്ങളും നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാനെന്ന വ്യാജേന യുവാക്കളെ വിളിച്ച് വരുത്തിയ അക്രമി സംഘം വാളുകള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

Read more

അല്‍-അമീനെ ആയിരുന്നു സംഘം ആദ്യം ആക്രമിച്ചത്. തടയാന്‍ ശ്രമിച്ചതോടെ അര്‍ഷാദിനെ പ്രതികള്‍ വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ അല്‍-അമീനും വെട്ടേറ്റു. ഓടിക്കൂടിയ നാട്ടുകാരെയും സംഘം ആക്രമിച്ചു. ഫോര്‍ട്ട് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.