'അടിസ്ഥാനനയ സമീപനങ്ങളെ വെല്ലുവിളിക്കുന്നു'; കാനത്തിനെതിരെ ഉള്‍പ്പാര്‍ട്ടി പോര്

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ വിമര്‍ശനങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നല്‍കിയ മറുപടിയെ ചൊല്ലി ഉള്‍പ്പാര്‍ട്ടി പോര്. പാര്‍ട്ടിയുടെ അടിസ്ഥാന നയസമീപനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് കാനത്തിന്റേതെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.

എം എം മണിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ ആനി രാജയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് കാനം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയാണ് പ്രതിനിധികള്‍ക്കുള്ളത്. എസ്എഫ്‌ഐ – എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ എഐഎസ്എഫ് നേതാവ് നിമിഷ രാജുവിന്റെ ഭാഗത്താണ് തെറ്റെന്നായിരുന്നു കാനം രാജേന്ദ്രന്റെ നിലപാട്. ഇതും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിനിധികള്‍ ഉന്നയിച്ച ഒരു പ്രശ്‌നത്തിനും സംസ്ഥാന സെക്രട്ടറി മറുപടി പറയാതിരരുന്നതും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. പത്തനംതിട്ട, കൊല്ലം ജില്ലാ സമ്മേളനങ്ങളാണ് ഇനി നടക്കാനിരിക്കുന്നത്.