കേന്ദ്ര സര്‍ക്കാരിന് എതിരെ 14 രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍, ഇ.ഡിയെയും, സി.ബി.ഐയെയും ദുരുപയോഗം ചെയ്യുന്നത് തടയണം

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പതിനാല് രാഷ്ട്രീയപാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രിം കോടതിയെ സമീപിച്ചു. പ്രതിപക്ഷ രാഷ്ടീയ നേതാക്കളെ വേട്ടയാടാന്‍ ഇ ഡിയും സി ബി ഐ യും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നും ഈ ഏജന്‍സികളുടെ ഏകപക്ഷീയ നടപടികള്‍ക്കെതിരെ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണമെന്നപം ആവശ്യപ്പെട്ടാണ് പതിനാല് രാഷ്ട്രീയ കക്ഷികള്‍ സുപ്രിം കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് , ആം ആദ്മിപാര്‍ട്ടി, ശിവസേന,ഡിഎംകെ, ആര്‍ജെഡി, ഭാരത് രാഷ്ട്ര സമിതി, എഐടിസി, എന്‍സിപി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജെഡി(യു), സിപിഐ(എം), സി പി ഐ തുടങ്ങിയ പാര്‍ട്ടികളാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

അടുത്തകാലത്തായി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളേ വേട്ടയാടാനും അവരുടെ പ്രതിഛായ തകര്‍ക്കാനുമായി ഇ ഡിയും സി ബി ഐയും ഉള്‍പ്പെടെയുളള കേന്ദ്ര ഏജന്‍സികളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് ഈ രാഷ്ട്രീയ കക്ഷികള്‍ സംയുക്തമായി ആരോപിക്കുന്നത്. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ സുപ്രിം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിലൂടെ ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തന്നെ കേന്ദ്ര സര്ക്കാര്‍ തകര്‍ക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

Read more

മുതിര്‍ന്ന അഭിഭാഷകന്‍ എ.എം സിംഗ്വിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെ ഇക്കാര്യം ഉന്നയിച്ചത്. അറസ്റ്റ്, റിമാന്‍ഡ്, ജാമ്യം എന്നിവ സംബന്ധിച്ച് ഇത്തരം അന്വേഷണ ഏജന്‍സികള്‍ക്കായി കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.