കാല് ഒടിഞ്ഞിട്ടും ഷോട്ട് പൂര്‍ത്തിയാക്കി ടോം ക്രൂസ്; സാഹസിക വീഡിയോ പുറത്തു വിട്ട് ബിബിസി

മിഷന്‍ ഇംപോസിബിള്‍ ചലചിത്രങ്ങളിലെ എഥാന്‍ ഹണ്ട് എന്ന കഥാപാത്രത്തിലൂടെ സിനിമാ ലോകത്തിന് പ്രിയങ്കരനായ നടനാണ് ടോം ക്രൂസ്. ഹോളിവുഡിൽ അതിശയിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധേയനാണ് ക്രൂസ്. അവ ലൈവായി ചെയ്യുന്നു എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ പല സ്റ്റണ്ട് രംഗങ്ങളും അദ്ദേഹം അതിസാഹസികമായി ജീവന്‍ പണയം വെച്ച് ചെയ്തതാണെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും.

ഇതുവരെ കണ്ട സ്റ്റണ്ട് രംഗങ്ങള്‍ക്കും മേലെ കിടിലന്‍ രംഗങ്ങളുമായാണ് മിഷന്‍ ഇംപോസിബിളിന്റെ പുതിയ പതിപ്പ് എത്തുന്നത്. സിനിമയില്‍ ഒരു സാഹസിക ചാട്ടം ചിത്രീകരിക്കുന്നതിനിടെ കാലിന് പരുക്ക് പറ്റി താരം ചികിത്സയിലായിരുന്നു. ഇപ്പോളിതാ ആ അപകടത്തിന്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ബിബിസിയുടെ ഗ്രഹാം നോര്‍ടണ്‍ ഷോയിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന അപകടവിഡിയോ പുറത്തുവിട്ടത്.

ബഹുനില കെട്ടിടത്തിനു മുകളിലൂടെയുള്ള ചാട്ടത്തിനിടയിലാണ് അപകടം. റോപ് ഉപയോഗിച്ച് ചാടുന്നതിനിടയില്‍ ചാട്ടം പിഴക്കുകയായിരുന്നു. കാല് ഒടിഞ്ഞെങ്കിലും കെട്ടിടത്തിനു മുകളിലേക്ക് വലിഞ്ഞു കയറുന്ന ക്രൂസ് മുടന്തി നീങ്ങുന്നതും വിഡിയോയില്‍ കാണാം. മിഷന്‍ ഇംപോസിബിള്‍ 5 സംവിധാനം ചെയ്ത ക്രിസ് മക്വയര്‍ തന്നെയാണ് അടുത്ത ഭാഗവും ഒരുക്കുന്നത്.