വിമൺ ഇൻ സിനിമ കളക്ടീവ് (WCC) എന്ന സംഘടനയുടെ പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് ചർച്ചയായിരിക്കുന്ന ഹേമ കമ്മീഷൻ റിപ്പോർട്ട്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ താര സംഘടനയായ ‘അമ്മ’യിൽ നിന്നും രാജിവെച്ച് പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, പദ്മപ്രിയ, ബീന പോൾ, രേവതി തുടങ്ങിയവർ ചേർന്നാണ് ഡബ്ല്യൂസിസി എന്ന സംഘടനയ്ക്ക് രൂപം നൽകുന്നത്. തുടർന്നാണ് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിർദേശത്തെ തുടർന്ന് അന്നത്തെ ഇടതുപക്ഷ സർക്കാർ 2017 ജൂലൈയിൽ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സർക്കാർ രൂപീകരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്.
ഇപ്പോഴിതാ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവണത്തിന് പിന്നാലെ പ്രതികരണമറിയിച്ചിരിക്കുകയാണ് ഡബ്ല്യുസിസി. റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത് സ്ത്രീകളുടെ ശബ്ദമാണെന്നും ഇത് കേരളം കേൾക്കണമെന്നും ഡബ്ല്യുസിസി പറയുന്നു.
“ഇത് ഞങ്ങള്‍ക്ക് ഒരു നീണ്ട യാത്രയാണ്! സിനിമാ മേഖലയില്‍ മാന്യമായ പ്രൊഫഷണല്‍ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി തേടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണ്. ഇന്ന് ഞങ്ങളുടെ നിലപാട് സാധൂകരിക്കപ്പെട്ടു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഡബ്ല്യൂസിസിയുടെ മറ്റൊരു ചുവടുവെയ്പ്പാണ്. സിനിമാ വ്യവസായത്തില്‍ ലിംഗഭേദം എങ്ങനെ പ്രകടമാകുന്നു എന്നതിന്റെ ഒരു റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തില്‍ ഇതാദ്യമാണ്.
View this post on Instagram
Read more
ജസ്റ്റിസ് ഹേമ, ശ്രീമതി ശാരദ, ഡോ. വത്സലകുമാരി എന്നിവര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചെലവഴിച്ച മണിക്കൂറുകള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. മാധ്യമങ്ങള്‍ക്കും വനിതാ കമ്മീഷനും കേരളത്തിലെ ജനങ്ങള്‍ക്കും എല്ലാ വനിതാ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കും ഡബ്ല്യൂസിസിയുടെ നന്ദി. റിപ്പോര്‍ട്ട് പഠിച്ച് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, നിര്‍ബന്ധമായും കേള്‍ക്കണം.” എന്നാണ് ഡബ്ല്യുസിസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.