രൺബീർ കപൂർ-സന്ദീപ് റെഡ്ഡി വാങ്ക കൂട്ടൂകെട്ടിൽ ഇറങ്ങിയ വിവാദ ചിത്രമായിരുന്നു അനിമൽ. രഷ്മിക മന്ദാന നായികയായി എത്തിയ സിനിമ ബോക്സോഫിസിൽ നിന്ന് 900 കോടിക്കടുത്താണ് നേടിയത്. അനിമലിലെ ചില രംഗങ്ങളുടെ പേരിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ വലിയ രീതിയിലുളള വിമർശനങ്ങളാണ് വന്നത്. ഇപ്പോഴും വിവാദങ്ങൾ രൺബീർ ചിത്രത്തിന് പിന്നാലെയുണ്ട്. അനിമൽ സിനിമയ്ക്ക് നേരെയുളള വിമർശനങ്ങളിൽ നടി രഷ്മിക മന്ദാന ഒരഭിമുഖത്തിൽ പ്രതികരിച്ചിരുന്നു.
സിനിമയെ സിനിമയായി മാത്രം കാണണം എന്നാണ് അഭിമുഖത്തിൽ രഷ്മിക പറയുന്നത്. ആരും നിർബന്ധിച്ചല്ല ഒരു ചിത്രം കാണിക്കുന്നതെന്നും നടി പറഞ്ഞു. “ഇഷ്ടമുള്ള സിനിമകൾ തിരഞ്ഞെടുത്ത് കാണൂ. ആളുകൾ അനിമൽ സിനിമ ആഘോഷിച്ചു, അത് ബോക്സോഫിസിൽ വൻ വിജയമായി. അതിനാൽ, വിമർശനങ്ങൾ ഒരിക്കലും ശല്യമല്ല. സ്ക്രീനിൽ അഭിനയിക്കുകയാണ് ഞങ്ങളെല്ലാം ചെയ്തത്. ഞങ്ങളുടെ യഥാർത്ഥ വ്യക്തിത്വം വേറെയാണ്. ഒരു നടനെ അവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. അതാണ് അഭിനയം, രഷ്മിക വ്യക്തമാക്കി.
Read more
അതേസമയം രൺബീർ കപൂറിന്റെ കരിയറിലെ എറ്റവും വലിയ വിജയമായ ചിത്രമാണ് അനിമൽ. രൺബീറിനും രഷ്മികയ്ക്കും പുറമെ ബോബി ഡിയോളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തി. അനിൽ കപൂർ, ശക്തി കപൂർ, തൃപ്തി ഡിമ്രി എന്നിവരാണ് സിനിമയിൽ അഭിനയിച്ച മറ്റുതാരങ്ങൾ. അനിമൽ ചിത്രത്തിലെ ആൽഫാ മെയിൽ ആഘോഷത്തിനെതിരെയാണ് നേരത്തെ വലിയ രീതിയിലുളള വിമർശനങ്ങളുണ്ടായത്.