ഇതിന് എന്തിനാ ക്യാപ്ഷന്‍; ജൂനിയര്‍ ദാസനും വിജയനും ദുബായ് കടപ്പുറത്ത്

മലയാള സിനിമയിലെ ഏറ്റവും മികച്ച കോമ്പിനേഷനുകളില്‍ ഒന്നായിരുന്നു നാടോടിക്കാറ്റിലെ മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ച ദാസനും വിജയനും. ഇപ്പോഴിതാ ചിത്രത്തിലെ പ്രശസ്തമായ അതേ ദുബായ് കടപ്പുറത്ത് വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

‘നോ ക്യാപ്ഷന്‍’ എന്ന ക്യാപ്നോടെ വിനീത് തന്നെയാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ‘ഞാന്‍ പറഞ്ഞില്ലേ ദാസാ എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്’ എന്നായിരുന്നു ജൂഡ് ആന്റണിയുടെ കമന്റ്. ‘ഞാന്‍ കൊടുത്തോട്ടെ അടിക്കുറിപ്പ്’, ‘ഈ ഫോട്ടോയ്ക്ക് എന്തിനാണ് ക്യാപഷന്‍’, ജൂനിയര്‍ ദാസനും വിജയനും ദുബായ് കടപ്പുറത്ത്’ തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ ഉയരുന്നത്.

 

അതേസമയം, പ്രണവ് മോഹന്‍ലാലിലെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമ ‘ഹൃദയ’ത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവിന് പുറമെ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് ഹൃദയത്തിലെ പ്രധാന താരങ്ങള്‍. യുവ ഗായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഹൃദയ’ത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.